Sunday, 1 September 2013

ഉയരങ്ങൾ . .

ഞാനെന്റെ ചിറകുകൾ വിടർത്തി . . എനിക്കിനി പറക്കണം. .  ഈ മരക്കൊമ്പ് വിട്ടുയരണം . . സൂര്യന്റെ താപമറിയണം . . ഈ തണലുകൾ നല്കുന്ന കുളിർമയുടെ അത്യാസക്തിയിൽ നിന്നും മോചനം തേടണം . . താങ്ങുകളില്ലാതെ , താഴെ ഈ കാടിനെ കാണണം . . അകലങ്ങളിൽ കാറ്റിന്റെ മനശ്ശക്തി അറിയണം . . എനിക്കിനി ഈ സ്വാസ്ഥ്യങ്ങളോട് എന്റെ ചിറകിന്റെ ചലനത്താൽ വിട പറയണം . . പുതിയ പ്രഭാതങ്ങൾ തേടണം, സന്ധ്യകളും . .

ഓരോ പറവയുടെ ചിറകുകളിലും വിമോചനത്തിന്റെ ഒരു കണികയുണ്ട് . . അവയുടെ ചിന്തകളിൽ അതിരുകൾ ഭേദിക്കുന്നവന്റെ പതറാത്ത ചെറുത്തു നിൽപ്പുകളുണ്ട് . . അവരുടെ കൊക്കുകളിലേവിടെയോ, വേടന്റെ വെറിപൂണ്ട അസ്ത്രമുനയുടെ ക്രൗര്യവും മൂർച്ചയും ഉണ്ട് . . ഓരോ പറവയുടെ ജീനുകളിലും, താണ്ടാത്ത ദൂരങ്ങളുടെ വന്യമായ ഓർമപ്പെടുത്തലുകളുണ്ട്  . .  ഈ സീമകൾ വിട്ടുയരാൻ അവയോരോന്നും എന്നെ പ്രലോഭിപ്പിക്കുന്നുണ്ട്  . .


ഞാൻ ചിറകുകൾ വീശി . . അറിയപ്പെടാത്ത ഉന്നതികളിലേക്ക് പറന്നു . .

പറന്നകലുന്തോറും , ഓർമ്മകൾ നഷ്ടബോധത്തിന്റെ നൂൽപ്പാലങ്ങളിൽ സ്വയം നഷ്ടപ്പെട്ടു കൊണ്ടിരുന്നു . . ചിറകുകൾ വീശിയ ആകാശങ്ങളിൽ , ഉയരങ്ങൾ നഷ്ടപ്പെട്ടവന്റെ നിലവിളികൾ ഉണ്ടായിരുന്നു . . അവിടെ, തെരുവുകളിൽ നഗ്നയാക്കപ്പെട്ടവളുടെ പിടച്ചിലുകൾ ഉണ്ടായിരുന്നു . . കുടിയൊഴിപ്പിക്കപ്പെട്ടവരുടെ  നിദ്ര നഷ്ടപ്പെട്ട രാത്രികൾ, എന്റെ വഴികളിൽ   അനീതിയുടെ നിഴലുകൾ നിറച്ചു . . എനിക്ക് കീഴെ , ഭൂമിയിൽ തണലുകൾ ഇല്ലാതാവുന്നത് ഞാൻ അറിഞ്ഞു . . ന്യൂനമര്‍ദ്ദങ്ങളുടെ നിസ്സംഗതകളായിരിക്കും ഉയരങ്ങളിൽ  എന്റെ കൂട്ടുകാർ എന്നാണ് ശാസ്ത്രം എന്നെ പഠിപ്പിച്ചത് . പക്ഷെ, സ്വത്വം നഷ്ടപ്പെട്ടവരുടെ നിസ്സീമമായ സമ്മര്‍ദ്ധങ്ങൾ എന്റെ നിലനിൽപ്പിനെ പ്രതികരണമില്ലായ്മയുടെ  തടവറകളിൽ അടച്ചു . . ഒരു  പറവയായി തുടരുന്നതിലെ കാതലില്ലായ്മ എന്റെ ചലനങ്ങളിൽ പ്രതിരോധത്തിന്റെ പിൻവിളികൾ പകർന്നു . .

എന്റെ ചിറകുകൾ തകർന്നു . . ബോധങ്ങളിൽ ഭൂതകാലത്തിന്റെ പ്രബോധനങ്ങൾ നിറഞ്ഞു . . ഒരു വീഴ്ചയെ പുണരാൻ എന്റെ ചിന്തകൾ കൊതിച്ചു . . ഇനി പതനമാണ് . . തിരിയെ യാത്ര . . പിൻവിളികളുടെ പൂർണത . . ഓർമകളുടെ അതിലഭ്യത . . മുൻകാഴ്ച്ചകളില്ലായ്മ . . കീഴടക്കിയ ഉയരങ്ങളുടെ സ്ഥിതികോർജ്ജത്തിൽ  നിന്നും , ഉയരങ്ങളില്ലായ്മയുടെ പഴക്കങ്ങൾ പകർന്ന സ്വപ്നങ്ങളിലെക്കൊരു മടക്കയാത്ര . .