(മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.)
വലിച്ചു തീർത്ത സിഗരറ്റിന്റെ കുറ്റി അശ്രദ്ധമായി തറയിലേക്കെറിഞ്ഞാണ് അന്നയാൾ കുന്നിറങ്ങിയത്. എത്തിപ്പിടിക്കാൻ ഒന്നുമില്ലാതെ പാതിയെരിഞ്ഞടങ്ങുക എന്ന വിധിയിൽ, അവശേഷിച്ച തീപ്പൊരികളും അവസാനിച്ചേനെ. അപ്പോഴാണ് പടിഞ്ഞാറ് നിന്ന് ഒരു വരണ്ട കാറ്റ് വീശിയത്, വിസ്മരിക്കപ്പെടലിന്റെ ഓരത്തു നിന്ന് ഒരു തീപ്പൊരി തൊട്ടടുത്ത കരിയിലക്കൂട്ടത്തിലേക്ക് പാറിവീണതും. ഒട്ടിച്ചേരലിലെ സുരക്ഷിതത്വത്തിൽ നിന്നും അടർന്നുവീഴലിലെ നിസ്സഹായതയിലേക്ക് പൊടുന്നനെ കൂറുമാറിയ വികാരങ്ങളുടെ ഉൾച്ചൂടിൽ മുഴുവനായും ഉണങ്ങിക്കഴിഞ്ഞ ഒരില, ആ തീപ്പൊരിയെ തന്റെ ആത്മാവിലേക്ക് ഏറ്റെടുത്തു. കത്തിത്തുടങ്ങിയ ആ കരിയിലയോട് ചേർന്ന് കിടന്ന് തങ്ങൾക്കിടയിലെ ഒരേശിഖരബന്ധത്തിന്റെ പഴയ ഓർമകളെ താലോലിച്ചു കൊണ്ടിരുന്ന മറ്റൊന്ന്, തീനാളങ്ങളെ തന്നിലേക്ക് പകർന്നു. നിമിഷങ്ങൾക്കകം, പച്ചപ്പിന്റെ സ്വപ്നങ്ങളിൽ ഉറങ്ങിക്കിടന്ന ഒരു കൂട്ടം കരിയിലകളെ അഗ്നിയെരിച്ചു.
അധികമൊന്നും ഉയരമില്ലാത്ത ഒരു കുന്നായിരുന്നു അത്. പാതിയിലെപ്പോഴോ തോർന്ന ഇടവപ്പാതിയുടെ ദിനങ്ങൾ തൊട്ട് മഴ പെയ്യാൻ മറന്ന ഒരിടം. മണ്ണ് മറയ്ക്കുവോളം ഇടതൂർന്ന് പുല്ലു വളർന്നു നിന്നിടം. വേനലിന്റെ തീവ്രതയിൽ സ്വർണനിറമാർജ്ജിച്ച പുൽക്കൊടികൾ തങ്ങൾക്കു വേണ്ടിത്തന്നെയുള്ള ചിതയൊരുക്കങ്ങളിലായിരുന്നു. വേരുകളിൽ മാത്രം ജീവനവശേഷിച്ച പുൽക്കൊടികളിലേക്ക് തീ പടർന്നു. അതിജീവനത്തെയും പൂർണനാശത്തെയും വേർതിരിക്കുന്ന അതിർവരമ്പുകൾ പലയിടങ്ങളിലും ഭേദിക്കപ്പെട്ടതിനാലാവണം, പ്രതിരോധത്തിന്റെ സൂചന പോലും നൽകാതെ അവ കത്തിത്തുടങ്ങി. നിലനിൽപ്പാണെങ്കിൽ, മരണമാണെങ്കിൽ പോലും, അതൊരു കൂട്ടായ പ്രക്രിയയാണെന്ന തിരിച്ചറിവിൽ, പുൽക്കൊടികളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തീനാമ്പുകൾ കൈമാറ്റം ചെയ്യപ്പെട്ടു.
കുന്നിറങ്ങിയാൽ മരങ്ങൾ തിങ്ങിയ കാടാണ്. ഏതു വേനലിലും ഉണങ്ങാത്ത, പാതാളത്തോളം വേരുകളുള്ള വന്മരങ്ങളുടെ കാട്. അവയുടെ വേരുകൾ സ്പർശിക്കാത്തയിടങ്ങലെല്ലാം ചെറുസസ്യങ്ങൾ കീഴടക്കിയിരുന്നു. നിലം, ഉതിർന്നു വീണ ഇലകൾ കൊണ്ട് നിറഞ്ഞിരുന്നു. ഇത് വരെ ചെറുത്തുനില്പുകളില്ലാതെ മുന്നേറിയ കത്തിപ്പടരലുകൾക്ക് മുന്നിൽ കാട് തലയുയർത്തി തന്നെ നിന്നു. പക്ഷേ, അപ്പോഴേക്കും, തീപ്പൊരിയുടെ ഹ്രസ്വായുസ്സിനും, കരിയിലകൾ കരിയും വരേയ്ക്കും മാത്രം ഉറഞ്ഞു തുള്ളുന്ന അഗ്നികുണ്ഡത്തിന്റെ സമരസപ്പെട്ട സ്വപ്നങ്ങൾക്കുമപ്പുറത്തേക്ക്, ഒരു കാടിനെ ദഹിപ്പിക്കാൻ മാത്രം കെല്പുള്ള എന്തോ ആയി അത് പരിണമിച്ചിരുന്നു. ആദ്യം, കൊഴിഞ്ഞ ഇലകൾ കീഴടക്കപ്പെട്ടു. അവിടെ നിന്ന് കുറ്റിച്ചെടികളിലേക്ക്. കുറ്റിച്ചെടികളിൽ നിന്നും ശിഖരങ്ങളിലേക്ക്. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക്. കുന്നിൻ മുകളിൽ നിന്ന് പോലും വിദൂരമായി തോന്നിയേക്കാവുന്ന അകലങ്ങളിലേക്ക് വൈകാതെ കാട്ടുതീ വ്യാപിച്ചു. കാറ്റ് വീശിക്കൊണ്ടിരുന്നു. സൂര്യനസ്തമിച്ചു.
* * * * * * * *
ഡയറിയിൽ അന്നേ ദിവസത്തെ അനുഭവക്കുറിപ്പുകളുടെ മഷി പരന്നു. വികാരങ്ങൾ വാക്കുകളായി. ശ്വാസകോശത്തിന്റെ ഭിത്തികൾ നിക്കോട്ടിൻ കലർന്ന വാതകത്തിന്റെ ലഹരിയിൽ അഭയം തേടി. കണ്ണുകൾ ഇടയ്ക്കിടെ ലാപ്ടോപ്പിന്റെ ത്രസിപ്പിക്കുന്ന വെളിച്ചത്തിലേക്ക് തെന്നി നീങ്ങി. പുറത്തു മഴ പെയ്തു തുടങ്ങി. ചുവരിനോട് ചേർന്ന് കിടന്ന് ഇടവപ്പാതിയുടെ തണുപ്പും തലോടലും അനുഭവിച്ച പഴയ രാത്രികളിലേക്ക് ചിന്തകൾ മടങ്ങിപ്പോയി. ഓർമകളെ സ്വതന്ത്രരാക്കേണ്ടതുണ്ട്. മേശപ്പുറത്തു അവസാനത്തെ കുറച്ചു പേജുകൾ മാത്രം വായിക്കാൻ ശേഷിച്ച നിലയിൽ 'മോബിഡിക്ക്' കിടക്കുന്നുണ്ടായിരുന്നു. പുസ്തകം കയ്യിലെടുത്തു. ഞാൻ കപ്പൽ തകർന്ന നാവികനായി. ഒഴുകിക്കൊണ്ടിരുന്ന മരത്തടിയിൽ അള്ളിപ്പിടിച്ചു കൊണ്ട് ഇശ്മേയൽ, നിശബ്ദമായ സമുദ്രത്തിനുമപ്പുറത്തെ അഗോചരമായ ചക്രവാളത്തെ നോക്കി. ഇരുട്ട് സമുദ്രത്തിനെക്കാൾ കനത്തിൽ പരന്നു കിടന്നിരുന്നു. അകലയെവിടെയോ, ഉടലിലുടനീളം ചാട്ടുളിയുടെ പാടുകളുമായി, മോബിഡിക്ക് എന്ന ഭീമാകാരനായ വെള്ളത്തിമിംഗലം, കപ്പൽഛേദങ്ങൾക്കിടയിലൂടെ നീന്തിക്കൊണ്ടിരുന്നു. . .
ദിവസങ്ങൾക്കു മുൻപുണ്ടായ കാട്ടുതീയെക്കുറിച്ചുള്ള അറിവുകളേതും ഇല്ലാതെയാണ് ഞാനന്ന് അവളെയും കൂട്ടി ആ കുന്നിൻ ചരിവിലേക്ക് പോയത്. അർദ്ധചന്ദ്രന്റെ അരണ്ട വെളിച്ചത്തിലും കാട്ടുതീയെടുത്ത കാടിന്റെ ശേഷിപ്പുകൾ വ്യക്തമായി കാണാമായിരുന്നു. ശവപ്പറമ്പിനെ ഓർമിപ്പിച്ചു കൊണ്ട് നിർജ്ജീവമായി നിലകൊണ്ട ആ ശൂന്യതയ്ക്കു സാക്ഷി നിൽക്കേ ഞങ്ങൾ ആത്മാക്കളാൽ ബന്ധിക്കപ്പെട്ടിട്ടില്ലാത്ത ഒറ്റശരീരങ്ങളായി. വർഷങ്ങളോളം ഉള്ളിലേറ്റിയ കൗമാരസ്വപ്നങ്ങളെല്ലാം നിശ്ചലമായി. ചീവിടുകളുടെ പോലും കരച്ചിലുകൾ കേൾക്കാനില്ലായിരുന്നു. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അസ്തിത്വങ്ങളിലെ അന്തരം ഓർമിപ്പിച്ചു കൊണ്ട് പരന്നു കിടന്ന വിജനമായ ദുരന്തഭൂമിയുടെ വക്കു ചേർന്ന് ഞങ്ങൾ നിന്നു. ഒരു മഴക്കാലത്തിന് എല്ലാം മാറ്റാൻ കഴിയും എന്നവൾ പറയുന്നുണ്ടായിരുന്നു. ഉള്ളറകളെല്ലാം തുറന്നുകാട്ടിക്കൊണ്ട്, കാടകത്തിന്റെ നിഗൂഢതകളൊന്നുമില്ലാതെ, ഉദരത്തിൽ ജീവാംശങ്ങളേറ്റാതെ, ഭീതിതമായ രൂപാന്തരപ്പെടലിന്റെ അന്തിമോല്പന്നമായി, കാടെന്ന് വിളിക്കാനാവാത്ത വിധം മുറിവേറ്റ ഈ ഭൂപ്രദേശത്തിനെ കുളിർപ്പിക്കാൻ ഇനിയുമെത്ര മഴപ്പെയ്ത്തുകൾ വേണ്ടി വരും. കുന്നിന്റെ ഉന്നതിയിൽ, കുറിയ കിനാവുകളുടെ വിമൂകമായ വിളനിലത്തിൽ ഞങ്ങൾ നിശബ്ദരായിരുന്നു. അന്ന് ഞങ്ങൾ സംസാരിച്ചത്, പക്ഷികളെയും മഴത്തുള്ളികളെയും കുറിച്ച് മാത്രമായിരുന്നു. രാപ്പാടിയേയും വേനൽമഴയേയും കുറിച്ചവളും, കഴുകന്മാരെയും പേമാരികളെയും പറ്റി ഞാനും.
* * * * * * * *
മഴ പെയ്തു തുടങ്ങി. കുന്നിൻമുകളിൽ പിന്നെയും പുൽനാമ്പുകൾ മുളച്ചു. കാട്ടുതീയ്ക്കു ശേഷം ആ പ്രദേശത്തിന് ഭ്രഷ്ടുകല്പിച്ച വന്യജീവികൾ പതിയെ പതിയെ തിരിച്ചു വന്നു തുടങ്ങി. ആദ്യം വന്നത് മാനുകളായിരുന്നു.പച്ചപ്പുല്ലുകൾക്ക് പിന്നെയും വലിപ്പം വച്ചപ്പോൾ മാനുകൾക്കൊപ്പം കാട്ടുപോത്തിൻ കൂട്ടങ്ങളെത്തി. വഴിയെ കടന്നു പോയ ഓരോ വാഹനത്തിന്റെ ശബ്ദങ്ങളിലെക്കും, തീറ്റയ്ക്ക് താത്കാലിക വിശ്രമം നല്കി, അവ മുഖമുയർത്തി. ശബ്ദങ്ങൾ കേൾക്കനാവത്തത്രയും അകലങ്ങളിലെത്തി എന്നുറപ്പായപ്പോൾ മാത്രം നോട്ടങ്ങൾ മണ്ണിലേക്ക് തന്നെ മടങ്ങിപ്പോയി. മഴ പിന്നെയും പെയ്തു. കത്തിയെരിഞ്ഞ മരങ്ങൾക്ക് ജീവൻ വച്ചു. കാട് പിന്നെയും ഉണർന്നു. ഭൂതകാലത്തിന്റെ ചാരങ്ങൾ അവശേഷിപ്പിച്ച വളക്കൂറുള്ള മണ്ണിലേക്ക് വേരുകൾ ആർത്തിയോടെ ആഴ്ന്നിറങ്ങി. തീപിടുത്തത്തിനു ശേഷം കാടിന്റെ ഉള്ളറകളിൽ ഒതുങ്ങിക്കൂടിയ കാട്ടാനകൾ പിന്നെയും പുറത്തിറങ്ങി. വിത്തുകൾക്ക് രൂപമാറ്റം വന്നു. അവയ്ക്ക് വേരുകൾ മുളച്ചു, ഇലകൾ കിളിർത്തു. കുറ്റിച്ചെടികൾ വീണ്ടും തലയുയർത്തി. കാടകങ്ങളിൽ ഉറവകൾ പൊട്ടി. മരച്ചില്ലകളിൽ പക്ഷികൾ കൂടൊരുക്കി. ചീവീടുകൾ ശബ്ദിച്ചു തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ കാട്ടുതീയുടെ ഓർമയെ പോലും തുടച്ചുനീക്കും വിധം കാട് വളർന്നു പൊങ്ങി.
* * * * * * * *
അന്നത്തെ മഴയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് ഞാൻ ആ കുന്നിൻപുറത്തേക്ക് വീണ്ടും പോയത്. രാത്രിയായിരുന്നു. നിലാവുണ്ടായിരുന്നു.ബൈക്ക് റോഡിന് ഓരം ചേർത്തുനിർത്തി കുന്നിലേക്ക് നടന്നു. കുന്നിറങ്ങിയാൽ ഇടതിങ്ങിയ കാടാണ്. കുന്നിന്റെ ഉയരത്തിൽ നിന്ന് കാടിനെ നോക്കി. ഒരു നിമിഷം, ഒരേയൊരു നിമിഷം മനുഷ്യസഹജമായ എല്ലാ പേടികളേയും ഉപേക്ഷിച്ച് കാടിറങ്ങാനുള്ള തോന്നലുണ്ടായി. ഓരോ അതിജീവനത്തിന്റെ ചരിത്രവും, വേട്ടനഖങ്ങളുടെ വേഗതയിലോ, തേറ്റപ്പല്ലിന്റെ മൂർച്ചയിലോ, ഒറ്റക്കൊമ്പന്റെ കാലടികളിലോ വച്ച്, ഏതു നിമിഷവും തിരുത്തിയെഴുതപ്പെട്ടേക്കാവുന്ന ആകസ്മികതകളുടെ കാട്. പേടിയുടെ, പോരാട്ടാത്തിന്റെ, പലായനത്തിന്റെ നിമിഷങ്ങളിൽ, അഡ്രിനാലിൻ കീഴടക്കിയ രക്തവ്യൂഹത്തിന്റെ ചടുലതയിൽ, ഉണർന്നിരിപ്പുണ്ടിപ്പോഴും എന്ന തെളിച്ചമുള്ള യാഥാർത്ഥ്യത്തിൽ മാത്രം വിശ്വസിക്കാൻ, ഒരു നാഗരിക മനുഷ്യനായി ജീവിക്കുക എന്ന മഹത്തായ മടുപ്പിൽ നിന്ന് മോചനം നേടാൻ. . .ഇല്ല. ചില തോന്നലുകൾ തിരസ്കരിക്കപ്പെടാനുള്ളതാണ്. ബൈക്ക് തിരിച്ചു. വെളിച്ചം വഴികാട്ടിയായി.
ഡയറിയിൽ അന്നേ ദിവസത്തെ അനുഭവക്കുറിപ്പുകളുടെ മഷി പരന്നു. വികാരങ്ങൾ വാക്കുകളായി. ശ്വാസകോശത്തിന്റെ ഭിത്തികൾ നിക്കോട്ടിൻ കലർന്ന വാതകത്തിന്റെ ലഹരിയിൽ അഭയം തേടി. കണ്ണുകൾ ഇടയ്ക്കിടെ ലാപ്ടോപ്പിന്റെ ത്രസിപ്പിക്കുന്ന വെളിച്ചത്തിലേക്ക് തെന്നി നീങ്ങി. പുറത്തു മഴ പെയ്തു തുടങ്ങി. ചുവരിനോട് ചേർന്ന് കിടന്ന് ഇടവപ്പാതിയുടെ തണുപ്പും തലോടലും അനുഭവിച്ച പഴയ രാത്രികളിലേക്ക് ചിന്തകൾ മടങ്ങിപ്പോയി. ഓർമകളെ സ്വതന്ത്രരാക്കേണ്ടതുണ്ട്. മേശപ്പുറത്തു അവസാനത്തെ കുറച്ചു പേജുകൾ മാത്രം വായിക്കാൻ ശേഷിച്ച നിലയിൽ 'മോബിഡിക്ക്' കിടക്കുന്നുണ്ടായിരുന്നു. പുസ്തകം കയ്യിലെടുത്തു. ഞാൻ കപ്പൽ തകർന്ന നാവികനായി. ഒഴുകിക്കൊണ്ടിരുന്ന മരത്തടിയിൽ അള്ളിപ്പിടിച്ചു കൊണ്ട് ഇശ്മേയൽ, നിശബ്ദമായ സമുദ്രത്തിനുമപ്പുറത്തെ അഗോചരമായ ചക്രവാളത്തെ നോക്കി. ഇരുട്ട് സമുദ്രത്തിനെക്കാൾ കനത്തിൽ പരന്നു കിടന്നിരുന്നു. അകലയെവിടെയോ, ഉടലിലുടനീളം ചാട്ടുളിയുടെ പാടുകളുമായി, മോബിഡിക്ക് എന്ന ഭീമാകാരനായ വെള്ളത്തിമിംഗലം, കപ്പൽഛേദങ്ങൾക്കിടയിലൂടെ നീന്തിക്കൊണ്ടിരുന്നു. . .
No comments:
Post a Comment