Thursday, 13 March 2014

ഇതിഹാസങ്ങൾ

മനുഷ്യന്റെ സാമാന്യ ബോധത്തിന് നിർവചിക്കാൻ പറ്റാത്ത ഓരോന്നിലും അവർ, യവനന്മാർ , ദൈവങ്ങളെ കണ്ടെത്തി . എന്നിട്ടവരെ ഒളിമ്പസ് പർവതത്തിന്റെ ഉയരങ്ങളിൽ അധിവസിപ്പിച്ചു . . തിരമാലകളിലും, മിന്നല്‍പ്പിണറിലും, സൗന്ദര്യത്തിലും, യുദ്ധത്തിൽ പോലും ദിവ്യത്വം പിറന്നു . ഭൂമിയുടെയും സ്വർഗത്തിന്റെയും സംഗമബിന്ദുക്കളിൽ നിന്ന് അവർ ഉപജാപത്തിന്റെ വലക്കണ്ണികൾ നെയ്തു .

പക്ഷെ, രണ്ടു ഇതിഹാസങ്ങളുടെ അക്ഷരങ്ങളുടെ തണലിൽ നിന്ന്, ഏതോ ഒരു മനുഷ്യൻ ആ ദൈവങ്ങളെ മണ്ണിലേക്കിറക്കി. ട്രോജൻ യുദ്ധത്തിൽ രാജക്കന്മാർക്കൊപ്പം അവരും പക്ഷം ചേർന്നു. ദൈവീകത, മാനുഷികമായ വികാരങ്ങളുടെ അളവുകോലിനാൽ പുനർനിർവചിക്കപ്പെട്ടു. പടക്കളത്തിൽ അവർ മൂടൽമഞ്ഞു പരത്തി, ഇടിമിന്നലുകൾ  സൃഷ്ടിച്ചു , പേമാരി പെയ്യിച്ചു,  മാറാരോഗങ്ങളും  മടുപ്പും കലർത്തി. അലറിയും ആർപ്പുവിളിച്ചും കരഞ്ഞും പരിതപിച്ചും അവർ ഓരോ മരണങ്ങളും വിജയങ്ങളും ആഘോഷിച്ചു .
 യോദ്ധാക്കൾ അവർക്കു നേരെ ഉടവാളു വീശി . .ദൈവരക്തം ട്രോയിയുടെ മണ്ണിനെ യശസ്സിന്റെ ഉന്നതികളിലെത്തിച്ചു . യുദ്ധത്തിന്റെ അന്ത്യത്തിൽ വിരലിലെണ്ണാവുന്ന കുറെ മനുഷ്യരും അമരന്മാരായ ദേവന്മാരും മാത്രം ബാക്കിയായി . ശേഷിച്ച മനുഷ്യർ ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും മടങ്ങി, ദൈവങ്ങൾ ശാശ്വതയിലെക്കും.  .

യവനപുരാണം ഒരു ഇതിഹാസമയിരുന്നില്ല, വിപ്ലവമായിരുന്നു . . മാനവികതെയെയും  ദൈവീകതയെയും ഒരേ പോർക്കളത്തിൽ പിടിച്ചു നിർത്തിയവന്റെ  ധിക്കാരം . അമരത്വത്തെ അതിജീവനത്തിന്റെ  അടിയൊഴുക്കുകൾ പിടിച്ചുലച്ച നിമിഷങ്ങളുടെ പുനരവതരണം .  നിഷേധത്തിന്റെ വന്യമായ സൗന്ദര്യം . .