Sunday, 6 July 2014

ഞാൻ ആശ്വത്ഥാമാവ്


ഞാൻ ആശ്വത്ഥാമാവ്. ഇതിഹാസങ്ങളുടെ എഴുതപ്പെടാത്ത ആത്മാവിൽ വിശ്വസിക്കുന്നവൻ. ഉറങ്ങി കിടക്കുന്ന ഒരു കൂട്ടം സ്ത്രീകളെയും കുട്ടികളെയും ചുട്ടെരിച്ചവൻ എന്ന പേരിൽ നിങ്ങളെന്നെ അറിയും. മിത്തുകളിൽ എനിക്കൊരിക്കലും നായക പരിവേഷം ഉണ്ടായിരുന്നില്ല . യുദ്ധത്തിന്റെ അവസാന രാത്രിയിൽ പരാജിതരുടെ , സ്വത്വം നഷ്ടപ്പെട്ടവരുടെ പ്രതികരാഗ്നികൾ ഒറ്റയ്ക്ക് ഹൃദയത്തിലേറ്റിയവൻ.അതേ അഗ്നിയെ ശത്രുപാളയത്തിലേക്ക് പടർത്തിയവൻ.


എങ്കിലും നിങ്ങളെന്നെ ഭീരു എന്ന് വിളിക്കും . നാഥരില്ലാത്ത കൂടാരങ്ങളിൽ പ്രാണൻ കത്തിയെരിയുന്നത് നെഞ്ചിടിപ്പുകളില്ലാതെ കണ്ടുനിന്നവൻ എന്ന് നിങ്ങൾ വിധിയെഴുതും. പാണ്ഡവരും, ദേവന്മാരും വേട്ടയാടിയപ്പോൾ , വിലക്കപ്പെട്ടതെങ്കിലും ഒരു പുൽക്കൊടിയിൽ ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു തൊടുത്തവൻ എന്ന് നിങ്ങൾ ആരോപിക്കും. പിറക്കാത്ത കുഞ്ഞിന്റെ ജീവനെ പോലും ഒരസ്ത്രമുനയിൽ ഒടുക്കാൻ ആഹ്വാനം ചെയ്തവൻ എന്ന പേരിൽ നിങ്ങളെന്റെ നേരെ വിദ്വേഷത്തിന്റെ അമ്പുകളെയ്യും.


ഏതൊരു പ്രതിനായകനെയും പോലെ എനിക്കുമൊരു ചരിത്രമുണ്ട്. ഇതിഹാസങ്ങളുടെ ഇതളുകൾ മനപ്പൂർവം പറയാത്ത ചരിത്രം. ദേവന്മാരുടെ അമാനുഷികതയുടെ തണൽമരങ്ങൾക്ക് കീഴിൽ, ഭയമെന്തെന്നറിയാതെ വളർന്ന, ധീരരുടെ മൂല്യച്ചുതിയുടെ ത്രസിപ്പിക്കുന്ന പുരാവൃത്തമല്ല. വിസ്മരിക്കപ്പെടലിന്റെ ഓരത്തുനിന്നും, അന്തിമ വിധിയെഴുതുന്നവന്റെ നിർണായകതയിലേക്ക് ഒരൊറ്റ രാത്രി കൊണ്ട് കൂറുമാറിയവന്റെ നിസ്തേജമായ പ്രജ്ഞയുടെ ചരിതം. അസ്ഥിരതയുടെ, അരക്ഷിതത്വത്തിന്റെ, അപമാനത്തിന്റെ, അരസികമെന്നു നിങ്ങൾ വിലയിരുത്തിയെക്കാവുന്ന എഴുതപ്പെടാത്ത ചരിത്രം.


                          * * * * * * * * * * * * * * * *

ഓർമ്മകൾ ക്രമം തെറ്റി കിടക്കുകയാണ്. അമരത്വം കൊണ്ട് മരവിച്ച ചിന്തകളിലേക്ക്, ഇരുളിൽ സ്ഫുലിംഗങ്ങളെന്ന പോലെ ചില സ്മരണകളെത്തും , ചിലത് മാത്രം. മഹാഭാരത യുദ്ധത്തിലെ ആദ്യത്തെ എതിരാളി. പേരറിയാത്തവൻ. തേര് തകർത്ത്, ആയുധങ്ങൾ അന്യമാക്കി , ആകസ്മികതകളുടെ ഞാണൊലികളാൽ സംഭ്രമിപ്പിച്ചു, അവനെ പടനിലത്തിലെ പൂഴിമണലിന്റെ സ്വാസ്ഥ്യത്തിലെത്തിക്കാൻ അധിക സമയം എടുത്തില്ല. മറ്റൊരസ്ത്രത്തിന്റെ പ്രവേഗത്തിൽ എനിക്കവന്റെ അവസാനത്തെ സ്വപ്നങ്ങളെയും കവർന്നെടുക്കാമായിരുന്നു. പക്ഷെ , ഓരോ യോദ്ധാവും കാത്തിരിക്കുന്ന ചില നിമിഷങ്ങളുണ്ട് , അടിയറവു പറഞ്ഞവന്റെ കണ്ണുകളിലെ ഒടുവിലത്തെ നോട്ടം. അവന്റെ ഇടറുന്ന കഴുത്തിലെ നിലവിളിയുടെ ദൈന്യത. അവന്റെ ഒടുവിലത്തെ ചിന്തകളിലെ പ്രതിനായക പരിവേഷം . ഒരസ്ത്രത്തിന്റെ വിദൂരതയിൽ നിന്നും, ആ നിമിഷങ്ങളില്ലാതെ അവന്റെ നിശ്ചലതയ്ക്ക് സാക്ഷ്യം വഹിക്കാൻ ഞാനൊരുക്കമാല്ലായിരുന്നു.


തേർത്തടം വിട്ടു ഞാനാ മണ്ണിലേക്കിറങ്ങി. അനേകായിരം മനുഷ്യരുടെ പ്രത്യാശകളുടെ അന്ത്യം നിർവചിച്ച അതേ മണ്ണിലേക്ക്. ഞാൻ അപരിചിതനായ ആ പോരാളിയുടെ നേരെ നടന്നു. അവനെന്റെ കണ്ണുകളിലേക്കു നോക്കുന്നുണ്ടായിരുന്നു . പക്ഷെ ആ നോട്ടത്തിനു ശക്തി പകർന്നത് ദൈന്യതയോ ഭയമോ ആയിരുന്നല്ല. ആദരവായിരുന്നു. തന്നെ പരാജിതനാക്കിയ യോദ്ധാവിനോട് ഏതൊരു പോരാളിക്കും തോന്നുന്ന ആദരവ് . ആ ഒരു നോട്ടത്തിൽ ഞങ്ങൾക്കിടയിലെ മഞ്ഞുപാളികൾ ഉരുകിയത് പോലെ എനിക്ക് തോന്നി . അപരിചിതത്വത്തിൽ നിന്ന് സഹോദര്യത്തിലേക്ക് എന്റെ വികാരങ്ങൾ പരിഭാഷപ്പെട്ടതുപോലെ . പക്ഷെ ഇത് പോരാട്ടമാണ്. തന്റെ ഇരയുടെ അന്ത്യം കുറിക്കേണ്ട നിമിഷങ്ങൾ. ഇവിടെ മനസിന്റെ നൈർമല്യത്തിനു നിലനില്പില്ല. കയ്യിലെ ഉടവാളിന്റെ മൂർച്ച പതുക്കെ അവന്റെ ഇടനെഞ്ചിലേക്ക് പകരുമ്പോൾ അവനെ ഉറക്കെ ഒന്നലറി. എന്നെ വിട്ടു പോകനിഷ്ടമില്ലെന്നോണം എന്റെ വലതു കൈത്തണ്ടയിൽ മുറുകെ പിടിച്ചു. അടർക്കളത്തിൽ ജീവിതങ്ങൾ തിരുത്താനും, തീർപ്പുകൽപ്പിക്കാനുമുള്ള സ്വേച്ഛതയുടെ ലഹരി എന്റെ രക്തത്തെ ചൂടുപിടിപ്പിച്ചു . മാനുഷികതയുടെ സീമകളിൽ നിന്നും വിമോചനത്തിന്റെ ആസുരമായ ആകാശങ്ങളിലേക്ക് എന്റെ ചിന്തകൾ പടർന്നു. അവന്റെ ഹൃദയരക്തതിന്റെ താപം, എന്റെ ആത്മാഭിമാനത്തിന്റെ തന്മാത്രകളെ പുതിയ ഉയരങ്ങളിൽ എത്തിച്ചു . ഞാനൊരു കൊലയാളിയാനെന്നു ത്രസിക്കുന്ന സ്നായുക്കളോടെ ഞാനലറി .


നനഞ്ഞു ചുവന്ന മണലിൽ കാൽപാദങ്ങൾ പാതി പൂഴ്ത്തി , ചുറ്റുമുയരുന്ന നിലവിളികളുടെ ആവൃത്തികൾക്കതീതനായി, വന്യമായ ആവേശത്തിന്റെ തീവ്രതയിൽ ഉന്മത്തമായ കാൽവെയ്പ്പുകളോടെ ഞാൻ തേർത്തടം ലക്ഷ്യമാക്കി നടന്നു.


                                * * * * * * * * *

അനേകം മരണങ്ങൾക്ക് സാക്ഷിയായ കുരുക്ഷേത്ര ഭൂമിയിൽ അവർ നിയമങ്ങൾ തെറ്റിച്ചു , അവിടെ ഉടനീളം അവർ കൊടും ചതിയുടെ ഉറവിടങ്ങൾ സൃഷ്ടിച്ചു , ഞങ്ങളിൽ ഓരോരുത്തരുടെയും ജീവൻ അവർ നഷ്ടബോധത്തിന്റെ കെട്ടുകഥകൾ രചിച്ച്‌ ഞങ്ങളിൽ നിന്ന് പറിച്ചെടുത്തു. എന്നിട്ടും നിങ്ങളവരെ ധര്മിഷ്ടർ എന്ന് വിളിച്ചു. ആദർശധീരരെന്നു വാഴ്ത്തിപ്പാടി. അവർക്ക് വേണ്ടി മാത്രം നെഞ്ചുറപ്പിന്റെ പുതിയ ഗാഥകൾ സൃഷ്ടിച്ചു . .ആ ഭൂമിയിൽ അവർ നേടിയ ഓരോ ജയത്തിലും നിങ്ങൾ തികവിന്റെ കാല്‍പനികതകളെ സന്നിവേശിപ്പിച്ചു . ഒടുവിൽ ഗംഗാതീരത്ത്‌ , വഞ്ചനയുടെ പുത്തൻ വ്യവഹാരങ്ങളിലൂടെ അവരെടുത്ത ഒടുവിലത്തെ പ്രാണൻ, സുയോധനന്റെതായിരുന്നു. കുറവുകളില്ലാത്ത , തിന്മയുടെ തിരുത്തലുകളില്ലാത്ത വിജയം എന്നുറക്കെ പറഞ്ഞു കൊണ്ട് നിങ്ങൾ ഇതിഹാസങ്ങൾ അടച്ചുവച്ചു.പക്ഷെ , ആ രാത്രി, ഞങ്ങൾക്ക്, മാറ്റിവച്ച പകവീട്ടലിന്റെ മൂർധന്യത്തിൽ ഓർമകളെ തിരിയെ വിളിക്കാനുള്ള രാത്രിയായിരുന്നു.ഇതിഹാസങ്ങളെ പുനർനിർവചിക്കാനുള്ള രാത്രി .


ഗംഗാതീരത്തെ മണൽത്തട്ടിൽ, തന്റെ ജീവിതത്തിലെ ഒടുവിലത്തെ ഗഥായുദ്ധത്തിന്റെ പരിണതയുടെ വൈരുദ്ധ്യത്തിൽ വിഭ്രാന്തമായ മനസുമായി, തന്റെ ചിന്തകളിൽ പുതിയ തുടക്കങ്ങളെ വിഭാവനം ചെയ്തുകൊണ്ട് , വിടർന്ന കണ്ണുകളുമായി സുയോധനൻ കിടക്കുന്നുണ്ടായിരുന്നു. തുടയെല്ല് തകർന്നു , പരാജിതനായി , പ്രജ്ഞയറ്റു കിടക്കുന്ന ആ യോദ്ധവിനോടൊപ്പം ഒരു സാമ്രാജ്യത്തിന്റെയാകെ പ്രതീക്ഷകൾ നിലം പതിച്ചത് പോലെ എനിക്ക് തോന്നി. സുയോധനൻ ഞങ്ങളുടെ മുഖങ്ങളിലേക്ക് നോക്കി. ഇടറുന്ന ശബ്ദത്തിൽ സുയോധനൻ പറഞ്ഞു . . " വീണ്ടുമൊരു ചതി . അവനു വേണ്ടി ആർപ്പു വിളിക്കാൻ അവർ നാലു പേർ. അവന്റെ ചലനങ്ങൾക്കു ചടുലത പകരാൻ പലായനം പോറലുകളേൽപ്പിച്ച എന്റെ കരങ്ങൾ. കാണികളും വിധികർത്താക്കളും അമാനുഷികർ . എന്നിട്ടും അവനു അനീതിയുടെ ഒരു ക്രൂരമായ ചുവടു വേണ്ടി വന്നു,എന്നെ തകർക്കാൻ". സുയോധനന്റെ ശബ്ദം നൈരാശ്യത്തിൽ നിന്നും ക്രോധത്തിലേക്ക് പൊടുന്നനെ പരിണമിക്കുന്നത് ഞാനറിഞ്ഞു . തളർന്നതെങ്കിലും , രക്തമൊഴുകുന്ന കൈകളിലെ മുഷ്ടികൾ ചുരുളുന്നത് ഞാൻ കണ്ടു . അന്തിമ വിധിയിലെ വഴിത്തിരിവിലെ അന്യായത്തിന്റെ സാന്നിദ്ധ്യം ഓർത്തിട്ടെന്നോണം ആ മുഖം ദ്വെഷത്താൽ വികൃതമായി. ആ യുദ്ധത്തിന്റെ ജനനം മുതൽ അന്ത്യം വരെ ഞങ്ങൾ നേരിടേണ്ടി വന്ന അനീതിയുടെ ആവർത്തനങ്ങൾ എന്റെ കണ്ണുകളെ രോഷത്തിന്റെ ചുവപ്പണിയിച്ചു . നിശബ്ദമായ ഗംഗാ നദിക്കുമപ്പുറത്ത് , അഗോചരമായ ചക്രവാളത്തെ നോക്കി ഞാനലറി. കയ്യിലെ വാൾമുന അരികിലെ വൃക്ഷത്തിന്റെ തായ്ത്തടിയിലേക്ക് പിന്നെയും പിന്നെയും ആഴ്ന്നിറങ്ങി. അതൃപ്തമായ മനസിന്റെ സ്പന്ദനങ്ങളെന്ന പോലെ എന്റെ അലർച്ചകൾ വിമൂകതയിൽ നിന്ന് പ്രതിധ്വനിച്ചു . സംവദിക്കാൻ വാക്കുകൾ വേണ്ടാത്ത രണ്ട്‌ ഉന്മാദികളെ പോലെ ഞാനും സുയോധനനും പരസ്പരം നോക്കി . എന്റെ കണ്ണുകളിലെ ചുവപ്പ് കൃപാചാര്യന്റെയും കൃതവർമാവിന്റെയും വിചാരങ്ങളിലേക്ക്‌ പടർന്നു.


വാഗ്ദാനങ്ങളുടെയോ , വിടപറയലുകളുടെയോ അനിവാര്യതയുണ്ടയിരുന്നില്ല . ഒരേ പാതകളാൽ ബന്ധിക്കപ്പെട്ട , ഒരേ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന , ഒരേ വികാരങ്ങളാൽ കൊരുക്കപ്പെട്ട , മൂന്നു അപരിചിതരെ പോലെ , ഒരു രാത്രിയിലെ വിജയാഘോഷത്തിന്റെ അവശതയുടെ ശയ്യയിൽ, തങ്ങളെ കാത്തിരിക്കുന്ന വേട്ടയാടപ്പെടലിന്റെ മുൻകാഴ്ചകളില്ലാതെ മയങ്ങുന്ന പാണ്ഡവ പാളയത്തിലേക്ക്, പ്രതികാരചിന്തയുടെ പ്രാചുര്യത്താൽ അനിയന്ത്രിതമായ മനസ്സുമായി, ഞങ്ങൾ, മൂന്നുപേർ നടന്നടുത്തു . . .