Friday, 14 August 2015

ട്രാഫിക്‌ ലൈറ്റിനു പറയാനുള്ളത് . .

"ഇടതടവില്ലാതെ ഒഴുകുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ ജീവിതത്തിനു ഞാൻ എന്റെ ചുവന്ന വെളിച്ചത്തിലൂടെ താല്കാലികമായി തടയിടുന്നു. നിങ്ങൾ ആഗ്രഹിക്കാത്തതെങ്കിലും , നിങ്ങൾക്ക് ഒന്നും ചെയ്യാനില്ലാത്ത ഒരു മിനിറ്റ് ഞാൻ സമ്മാനിക്കുന്നു .നിങ്ങളുടെ ഹൃദയത്തിലേക്ക് നിങ്ങൾ അറിയാതെ ഞാൻ വികാരങ്ങളെ സന്നിവേശിപ്പിക്കുന്നു, എന്റെ വ്യത്യസ്ത നിറങ്ങളിലൂടെ. 

ചുവപ്പ് , കാത്തിരിപ്പിലെ കാല്പനികത ആസ്വദിക്കാൻ പറ്റാത്തവന് നിരാശയാണ് നൽകുക. .

മഞ്ഞ പ്രതീക്ഷയാണ്.  .നിങ്ങളുടെ ചിന്തകളെ ഉത്തേജിപ്പിക്കാനും , നിങ്ങളുടെ ജീവിതത്തിന്റെ ഒഴുക്ക് തുടരാനും പച്ച വെളിച്ചം ഉയരുമെന്ന പ്രതീക്ഷ . നിങ്ങൾ അപ്പോൾ മുതൽ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങും . മഞ്ഞ വെളിച്ചമാണ് എന്നിലെ തത്വ ശാസ്ത്രത്തിന്റെ കാതൽ . 'ഏതു താഴ്ച്ചയെയും ഒരു ഉയർച്ച പിന്തുടരുമെന്നും, ഏതു രാത്രിയും പകലിനു വഴിമാറും' എന്നും നിങ്ങളെ ഓർമിപ്പിക്കാൻ വേണ്ടി മാത്രം ജ്വലിക്കുന്ന വെളിച്ചം . 

പച്ച എനിക്ക് മരണമാണ്. .പുനർജനിക്കാൻ ഇനിയും നിമിഷങ്ങൾ ബാക്കിയുണ്ടെന്ന ഓർമ്മപ്പെടുത്തൽ . പക്ഷെ , നിങ്ങൾക്ക്, പച്ച വെളിച്ചം തുടർച്ചയാണ്, പച്ച നിങ്ങൾക്ക് മറവിയാണ്.ഞാനും നിങ്ങളും തമ്മിലുള്ള ഒത്തുചേരലിനെയും, ഞാൻ പകർന്ന ചിന്തകളെയും , വെറുതെയിരുന്ന നിമിഷങ്ങളേയും മറക്കാനുള്ള പ്രതീകം."