Wednesday, 9 June 2021

കാട്ടുപോത്ത്, ഉറുമ്പ് , ആന.

-

കാട്ടുപോത്ത്


റോഡിനു കുറുകെ ചെക്ക്പോസ്റ്റുയരുന്നതിനു മുന്നേ ഉള്ള ഒരു സുവർണരാത്രിയിലാണ് ഞാനവരെ ആദ്യമായി കാണുന്നത്. ഇടതുവശത്തെ കുന്നിന്റെ ഉച്ചിയിൽ, നക്ഷത്രങ്ങളുടെ ബൃഹത് പശ്ചാത്തലത്തിൽ അർദ്ധചന്ദ്രനെതിരെ നിഴൽരൂപം പോലെ ഒരാൾ. നോട്ടങ്ങൾ അവനിൽ നിന്ന് പറിച്ചു മാറ്റും മുന്നേ, റോഡരികിൽ ഒരു ഞെട്ടലിലെന്ന പോലെ അടുത്തൊരാൾ. അവളുടെ കണ്ണുകളിൽ അപാരമായ നിസ്സംഗത, പക്ഷേ കാൽവയ്പുകളിൽ ജാഗ്രത.

മാസങ്ങൾക്കു ശേഷം, ഒരു പാതിരാത്രി, നിലാവുണ്ടെന്ന നെഞ്ചുറപ്പിൽ ഹെഡ്‌ലൈറ്റ് കെടുത്തി യൂണികോണിനു പിറകിൽ പൊന്മുടിയിറങ്ങുമ്പോൾ ഏഴാമത്തെ ഹെയർപിൻ വളവിനു മുന്നേ ഇരുട്ടുപോലെ റോഡിനു കുറുകെ കണ്ടതിന് അവരിലൊരാളുടെ രൂപമുണ്ടായിരുന്നു. സഡൻ ബ്രേക്കിന്റെ പിന്നണിയിൽ, പെട്ടെന്ന് കത്തിയ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ തെളിഞ്ഞത് രോഷം.

കുന്നിൻ ചെരിവിൽ പുല്ലുമേയുന്നവരെ ചങ്കിടിപ്പോടെ നോക്കിനിൽക്കെ, ചുള്ളിക്കമ്പു ചവിട്ടിയ ശബ്ദത്തിന്റെ പരിണതിയിൽ ഓടിമറഞ്ഞവരുടെ കാലുകളിൽ ഭയം.

മറ്റൊരു പൊന്മുടിയിറക്കത്തിൽ, വാഹനങ്ങളെ നിശ്ചലരാക്കികൊണ്ട് റോഡിന് നടുവിലൂടെ നടന്നു നീങ്ങിക്കൊണ്ടിരുന്നവന്റെ മുഖത്ത് കൂസലില്ലായ്‌മ, ഹോണടികളുടെയും ഹെഡ്‌ലൈറ്റുകളുടെയും നടുവിലെ നായകത്വം.

പിന്നെയും കുറേ തവണ അവർ, കുറേ തുറിച്ചു നോട്ടങ്ങൾ.

കാട്ടുപോത്തുകളും മനുഷ്യരാണത്രേ. . . 

------------------------------------------------------------------------

ആന, പുലി, പേടി.

രാത്രി. സമയം ഏതാണ്ടൊരു പതിനൊന്നു മണി ആയിക്കാണും. പത്തനംതിട്ടയിലെ അധികം വാഹനങ്ങളില്ലാത്ത ഒരു കാട്ടുപാതയിലൂടെ, ഒരു യുണിക്കോൺ ബൈക്കിൽ രണ്ടു പേർ യാത്ര ചെയ്യുന്നു. ചീവീടൊച്ചകളുടെ തുടർച്ചകളിലൂടെ നിശബ്ദത അവർക്കു ചുറ്റിലും ഉയിർത്തെഴുന്നേൽക്കുന്നു. പെട്ടെന്ന് എതിരെ, അകലെ, രണ്ടു ഹെഡ്‌ലൈറ്റുകൾ തെളിയുന്നു. അതടുത്തടുത്തു വരുന്നു, വേഗം കുറയുന്നു, ബൈക്കിനു തൊട്ടടുത്തു നിശ്ചലമാവുന്നു. ഒരു ലോറിയുടെ രൂപം അനാവരണം ചെയ്യപ്പെടുന്നു. ആ ലോറിയുടെ ഡ്രൈവർ അവരോടു നിർത്താൻ ആംഗ്യം കാണിക്കുന്നു. അത് കണ്ട് യുണിക്കോണിനു പിറകെ വന്ന ഒരു ബുള്ളെറ്റും സഡൻ ബ്രേക്കിടുന്നു. ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരത്ത്, ഒരു ഒറ്റയാൻ ഒറ്റയ്ക്ക് നിൽപ്പുണ്ടെന്നും ബൈക്ക് തിരിക്കുന്നതാണ് നല്ലതെന്നും മുന്നറിയിക്കുന്നു. ഓ. ഒറ്റൊന്നേ ഉള്ളൂ അല്ലെ ഭാഗ്യംന്നൊരു പ്രസ്താവനയ്ക്ക് നേരെ ഡ്രൈവർ അത്ഭുതത്തോടെ തുറിച്ചു നോക്കുന്നു. നാലു പേർ മുഖാമുഖം നോക്കുന്നു. നാലുപേരും ഡ്രൈവറുടെ മുഖത്തേക്ക് നോക്കുന്നു. ലോറി സ്റ്റാർട്ട് ആവുന്നു. നാല് പേർ പിന്നെയും മുഖാമുഖം നോക്കുന്നു.

ഹെവി വെഹിക്കിളുകൾ പിറകിൽ അവശേഷിപ്പിക്കാറുള്ള നിഗൂഢമായ പുകപടലങ്ങൾ തിരോധാനം ചെയ്യേ വ്യകതമായിക്കൊണ്ടിരുന്ന ശൂന്യതയിലേക്ക് നോക്കിനിൽക്കുമ്പോൾ അത്, യഥാർത്ഥത്തിൽ ശൂന്യതയല്ലെന്നും, ഒരു വെളുത്ത ഇന്നോവാ ആണെന്നും എന്തോ പറയാൻ നിർത്തിയതാണെന്നും അവർ പതുക്കെ തിരിച്ചറിയുന്നു. ഒറ്റയാന്റെ കാര്യം പറയാനാണോ എന്ന് അവരിലൊരാൾ അങ്ങോട്ടു ചോദിക്കുന്നു. അത് മാത്രമല്ല, തൊട്ടടുത്ത വളവിൽ, റോഡരികിൽ, ഒരു പുലി ചാടാനൊരുങ്ങി നിൽപ്പുണ്ടെന്ന്, തിരിയെപ്പൊയ്ക്കോ എന്ന് മറുപടി, മറ്റൊരു മുന്നറിയിപ്പ്. ഡ്രൈവറുടെ ശബ്ദത്തിന്റെ കാഠിന്യം, കാറിന്റെ പിറകിലെ സ്ത്രീയുടെ കണ്ണുകളിലെ ഭയപ്പാടുകൾ, ചിന്തകളുടെ പശ്ചാത്തലത്തിലെ ജീ ജീ ജീ ജീ സംഗീതങ്ങൾ. ഇന്നോവ മുന്നോട്ടു പായുന്നു. നാല് പേർ മുഖാമുഖം നോക്കുന്നു. അവരെന്തോ സംസാരിക്കുന്നു. നാല് പേരും മുന്നോട്ട് നോക്കുന്നു. ബൈക്കുകൾ പിന്നെയും സ്റ്റാർട്ട് ആവുന്നു. ബുള്ളറ്റിനു പിറകിലിരിക്കുന്ന ആൾ മുറുകിയ മുഖത്തോടെ ഒരു സിഗരറ്റിനു തീ കൊളുത്തുന്നു.

ദുരന്തത്തിന്റെ വിദൂരമായ സാധ്യതകളുടെ നേരത്ത് അപരിചിതർക്കിടയിൽ പോലും ഉടലെടുക്കുന്ന വിചിത്രമായ സാഹോദര്യത്തിന്റെ സിംഫണികളിൽ, നാലു ഹൃദയമിടിപ്പുകളുടെ അനുസ്വനങ്ങളിൽ, തിരിയെപ്പോവുകയെന്ന പേടിയുടെ ശബ്ദങ്ങൾ മാത്രം നിശബ്ദമാവുന്നു. ഒരു ചുള്ളിക്കമ്പിന്റെ ദുർബലമായ ഞെരുക്കത്തിൽ പോലും ഉടഞ്ഞു പോയേക്കാവുന്ന നിശ്ശബ്തയുടെ നേർത്ത നൂൽപ്പാലങ്ങളാൽ വിളക്കിച്ചേർത്ത സംയമനത്തിന്റെയും ധൈര്യത്തിന്റെയും തളർന്ന നിഴലുകളെ പിൻപറ്റി, ഒരു കൈപ്പാടകലത്തിൽ, ഒരേ വേഗത്തിൽ രണ്ടു ബൈക്കുകൾ മുന്നോട്ടിഴയുന്നു. . .

(ഉപസംഹാരം: ആനയെയും പുലിയെയും ഒന്നും കണ്ടില്ലെങ്കിലും കുറ്റിക്കാടു കുലുക്കി വന്നൊരു മ്ലാവിനെ കണ്ടവരൊരുനിമിഷം പതറിപ്പോയത്രേ . . .)

 

 

-------------------------------------------------------------------------------------------------------------


ഉറുമ്പ് 1

 

അതിസുന്ദരമായ ഒരു നട്ടുച്ചയ്ക്കാണ് അവർ അധിനിവേശത്തിന്റെ ആദ്യസൂചകങ്ങളെ അനാവരണം ചെയ്തത്. അതുവരെ നാലോ അഞ്ചോ പേർ മാത്രം ചുറ്റിത്തിരിഞ്ഞിടത്തേക്കു കുറേപേർ ഒരുമിച്ചു കടന്നു വരുന്നത്, ജനാലയിലെ ഞാവൽ ചെടിയിൽ ഒരു കൂടു നെയ്യുന്നത്. അധിനിവേശത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഒരിക്കൽ പോലും അവർ പ്രതിനിധാനം ചെയ്യാതിരുന്ന വിപത്തിന്റെ അടയാളങ്ങളെ അന്ന് തൊട്ടാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങുന്നത്. മനുഷ്യനും സഹജീവികളും സംഘർഷങ്ങളില്ലാതെ ഒരുമിച്ചു ജീവിക്കുന്ന സമത്വസുന്ദരമായ 'ഭൂമിയുടെ അവകാശികൾ'സങ്കല്പത്തിന്റെ തീവ്രഅനുഭാവിയായ (യിരുന്ന എന്നും പറയാവുന്നതാണ്) ഞാൻ അവരെ കൈകൾ നീട്ടി സ്വാഗതം ചെയ്തു.

പതിയെ, ജനൽപ്പടിയിൽ നിന്നും അവർ നിലത്തേക്കിറങ്ങി. ഞാവലിന്റെ ഇലകളൊന്നൊന്നായി അവരുടെ കൂടിന്റെ ഭാഗമായി. മുറിയുടെ അറിയപ്പെടാത്ത കോണുകളിൽ നിന്ന് വരെ പ്രാണികളുടെ ശവശരീരങ്ങൾ സോംബികളെ പോലെ ഇറങ്ങി നടന്നു. വെറുതെ ഒന്ന് വിശ്രമിക്കാൻ നിലത്തിറങ്ങിയ കടന്നലുകൾ പോലും അവർക്കു മുന്നിൽ പിടഞ്ഞുമരിച്ചു.

പക്ഷേ അപ്പോഴും, ഉടമയ്ക്കും കുടിയേറ്റക്കാരനുമിടയിലെ വേർതിരിവിന്റെ കൃത്യമായ ബിംബങ്ങളെ അവർ ഒരിക്കൽ പോലും ധിക്കരിച്ചില്ല. എന്നെ ഒരിക്കൽ പോലും ആക്രമിക്കാൻ അവർ ശ്രമിച്ചില്ല. എന്റെ കാലടിശബ്ദങ്ങളിൽ നിന്നും അവർ ഭീരുക്കളെ പോലെ ഒളിച്ചോടിക്കൊണ്ടിരുന്നു. ഞാൻ അവർക്കതീതനാണെന്നു അവരെന്നെ അങ്ങനെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു, ഇന്നലെ രാത്രി വരെ.

ഇപ്പോൾ, അവർ എന്റെ മുറി കയ്യടക്കിക്കഴിഞ്ഞു. ചുവരുകളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുന്നു. ചെറുത്തു നിൽപ്പുകളുടെ ഓരോ കണികയെയും കോർത്തിണക്കിയ കരുത്തിൽ ഞാനവരെ വെല്ലുവിളിച്ചു. ഒറ്റപ്പെട്ട തുരുത്തുകളെ പോലും ഒരുമിച്ചു കീഴടക്കിയ ചരിത്രത്തിന്റെ ഉടമകളാണവർ. കട്ടിലിന്റെ കാൽചുവട്ടിലിരുന്നു പതിഞ്ഞശബ്ദത്തിൽ നിഗൂഢമായി അവർ ഉപജപിക്കുന്നത് എനിക്കിപ്പോൾ വിഭാവനം ചെയ്യാം. ഭൂമിയിലെ ഓരോ അഭയാർത്ഥിയുടെ നിലവിളികളെയും എനിക്കിപ്പോൾ കേൾക്കാം. ഓരോ തടവുകാരന്റെ നിശ്ശബ്ദതയെയും എനിക്കിപ്പോൾ അനുഭവിക്കാം.

അവർ കട്ടിലിലേക്ക് കടന്നു കയറുകയാണ്. എന്റെ ചെറുത്തുനിൽപ്പുകൾ ദുർബലമാവുകയാണ്. . .

-------------------------------------------------------------------------------------------------

ഉറുമ്പ് 2

രക്തരൂക്ഷിതമായ ആ ദിവസത്തിനു ശേഷം ഏതാണ്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അസഹ്യമായ ആക്രമണങ്ങളുടെ ഉന്നതിയിൽ, കുടിയൊഴിപ്പിക്കപ്പെടുക എന്ന പൂർണസാധ്യതയുടെ കണ്മുന്നിൽ, എന്റെ ചെറുത്തു നിൽപ്പുകൾക്കു ഒരൊറ്റ ഭാഷയെ ഉണ്ടായിരുന്നുള്ളൂ, ഉന്മൂലനത്തിന്റെ ഭാഷ. ചുവരിൽ മങ്ങിനിറഞ്ഞ ചോക്കുവരകൾ, അവരുടെ ജീവനറ്റ ശരീരങ്ങൾ, കാലത്തിന്റെ അടയാളങ്ങൾ. അതിനു ശേഷം കുറച്ചു, ദിവസങ്ങളെങ്കിലും അവരുടെ പേടിസ്വപ്നങ്ങൾക്ക് എന്റെ മുഖമായിരുന്നിരിക്കണം. അവരുടെ കുട്ടിക്കഥകളിലെ ചെകുത്താൻമാർക്ക് എന്റെ രൂപമായിരുന്നിരിക്കണം.

അതിജീവനം ഭയത്തെ ധിക്കരിച്ച ഒരു ത്രിസന്ധ്യയിൽ അവർ സന്ധിസംഭാഷണത്തിനായി എന്നെ സമീപിച്ചു. അന്ന് ഞങ്ങൾ ഒരു ഉടമ്പടിയിലെത്തി. കൈയ്യൊപ്പുകളില്ലാത്ത, സംസാരങ്ങളില്ലാത്ത ആ നിശബ്ദതയിൽ പേടി മാത്രം ഉറക്കെ പ്രതിധ്വനിച്ചു. അതിരുകൾ പുനർനിർണയിച്ചു. ടെറിറ്ററികൾ പുതുക്കിനിശ്ചയിച്ചു. വിലക്കുകൾ കർശനമാക്കി.

ഇപ്പോഴവർ ഓർമകളുള്ള ജനതയാണ്. ജനൽപ്പാളികൾ അവർ മുറിച്ചു കടക്കാറില്ല. റൂമിലേക്ക് അതിക്രമിച്ചു കയറാറില്ല. അപാരമായ ഏതോ ധ്യാനത്തിലെന്ന പോലെ, ഭാവശൂന്യരായി അവർ അവരുടെ ദിനചര്യകളിൽ മുഴുകുന്നു. അവർ ചെടിച്ചട്ടികൾക്കും ചെടികൾക്കും ഇടയിൽ ഒതുങ്ങിക്കൂടുന്നു. എങ്കിലും അവരിലുണ്ടാവും, പകയുടെ ഒരൊളി, കൊടുങ്കാറ്റിന്റെ ഒരു തരി, പറഞ്ഞുതീർക്കാനാവാത്തൊരു കലി.

രാവിലെയാവാറായിട്ടും ഉറങ്ങാത്ത ചില രാത്രികളിൽ എനിക്കിപ്പോഴും കേൾക്കാം, അവരുടെ ഉടഞ്ഞ കാൽവയ്പുകളെ, തകർന്ന ഹൃദയത്തെ, മുറിഞ്ഞ ശൂന്യതകളെ. എനിക്കിപ്പോഴും കേൾക്കാം, ഈറനണിഞ്ഞ ഇലച്ചാർത്തുകളുടെ അർദ്ധസുതാര്യമായ ഇരുട്ടിനാൽ, നിലയ്ക്കാത്ത ഫാനൊച്ചകളാൽ ആവരണം ചെയ്യപ്പെട്ട അനേകം നിലവിളികളെ. എനിക്കിപ്പോഴും അനുഭവിക്കാം, അടിച്ചമർത്തപ്പെടലിന്റെ ചരിത്രങ്ങളിലെ ഉലകളിലൂതിച്ചുവപ്പിച്ച, അഗ്രങ്ങളിൽ വാൾമുനയുടെ മൂർച്ചയുള്ള, നിസ്സംഗതകളിൽ രോഷമൊളിപ്പിച്ച ഒരായിരം ഉറുമ്പുനോട്ടങ്ങളെ.

 

-------------------------------------------------------------------------------------------------