അപരിചിതമായ കാട്ടുവഴിയൊന്നിൽ,
ഞാനൊടിച്ച ചില്ലയുടെ സ്വകാര്യങ്ങളെ
ഞാനെന്റെ വരണ്ട ചുണ്ടുകളിലേക്കടുപ്പിച്ചു.
എനിക്കിപ്പോൾ കേൾക്കാം,
മഴത്തുള്ളിയുടെ കരച്ചിലുകളെ,
ഉടഞ്ഞ മണിനാദത്തെ,
തകർന്ന ഹൃദയത്തെ.
എനിക്കിപ്പോൾ കേൾക്കാം,
മേൽമണ്ണിനാൽ അടക്കംചെയ്ത ആ രഹസ്യങ്ങളെ,
വിദൂരമായി,
അഗാധമായി,
നിഗൂഢമായി.
എനിക്കിപ്പോൾ കേൾക്കാം,
ഈറനണിഞ്ഞ ഇലച്ചാർത്തുകളുടെ
അര്‍ദ്ധസുതാര്യമായ ഇരുട്ടിനാൽ,
നീണ്ട ശരത്കാലത്തിനാൽ,
ആവരണം ചെയ്യപ്പെട്ട
ആക്രോശങ്ങളെ.
കാടകത്തിന്റെ കിനാവുകളിൽ നിന്ന്
ഉണർന്നെണീറ്റ്,
ആ ചില്ല എന്റെ നാവിൻ തുമ്പിൽ
പാടിത്തുടങ്ങി.
അതിന്റെ സൗരഭ്യം
എന്റെ ആത്മാവിലേക്ക്
ആഴ്ന്നിറങ്ങി.
എന്നോ പിറകിലുപേക്ഷിച്ച
വേരുകൾ പൊടുന്നനെയെന്നോട്
വിളിച്ചു പറഞ്ഞു,
'പണ്ടിവിടം നിന്റേതായിരുന്നു'.
ആ വനസ്ഥലികളിൽ പടർന്ന
സുഗന്ധത്താൽ മുറിവേറ്റ്,
അന്നേരം,
ഞാൻ നിശ്‌ചലനായി.
No comments:
Post a Comment