Wednesday, 9 June 2021

കാട്ടുപോത്ത്, ഉറുമ്പ് , ആന.

-

കാട്ടുപോത്ത്


റോഡിനു കുറുകെ ചെക്ക്പോസ്റ്റുയരുന്നതിനു മുന്നേ ഉള്ള ഒരു സുവർണരാത്രിയിലാണ് ഞാനവരെ ആദ്യമായി കാണുന്നത്. ഇടതുവശത്തെ കുന്നിന്റെ ഉച്ചിയിൽ, നക്ഷത്രങ്ങളുടെ ബൃഹത് പശ്ചാത്തലത്തിൽ അർദ്ധചന്ദ്രനെതിരെ നിഴൽരൂപം പോലെ ഒരാൾ. നോട്ടങ്ങൾ അവനിൽ നിന്ന് പറിച്ചു മാറ്റും മുന്നേ, റോഡരികിൽ ഒരു ഞെട്ടലിലെന്ന പോലെ അടുത്തൊരാൾ. അവളുടെ കണ്ണുകളിൽ അപാരമായ നിസ്സംഗത, പക്ഷേ കാൽവയ്പുകളിൽ ജാഗ്രത.

മാസങ്ങൾക്കു ശേഷം, ഒരു പാതിരാത്രി, നിലാവുണ്ടെന്ന നെഞ്ചുറപ്പിൽ ഹെഡ്‌ലൈറ്റ് കെടുത്തി യൂണികോണിനു പിറകിൽ പൊന്മുടിയിറങ്ങുമ്പോൾ ഏഴാമത്തെ ഹെയർപിൻ വളവിനു മുന്നേ ഇരുട്ടുപോലെ റോഡിനു കുറുകെ കണ്ടതിന് അവരിലൊരാളുടെ രൂപമുണ്ടായിരുന്നു. സഡൻ ബ്രേക്കിന്റെ പിന്നണിയിൽ, പെട്ടെന്ന് കത്തിയ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ തെളിഞ്ഞത് രോഷം.

കുന്നിൻ ചെരിവിൽ പുല്ലുമേയുന്നവരെ ചങ്കിടിപ്പോടെ നോക്കിനിൽക്കെ, ചുള്ളിക്കമ്പു ചവിട്ടിയ ശബ്ദത്തിന്റെ പരിണതിയിൽ ഓടിമറഞ്ഞവരുടെ കാലുകളിൽ ഭയം.

മറ്റൊരു പൊന്മുടിയിറക്കത്തിൽ, വാഹനങ്ങളെ നിശ്ചലരാക്കികൊണ്ട് റോഡിന് നടുവിലൂടെ നടന്നു നീങ്ങിക്കൊണ്ടിരുന്നവന്റെ മുഖത്ത് കൂസലില്ലായ്‌മ, ഹോണടികളുടെയും ഹെഡ്‌ലൈറ്റുകളുടെയും നടുവിലെ നായകത്വം.

പിന്നെയും കുറേ തവണ അവർ, കുറേ തുറിച്ചു നോട്ടങ്ങൾ.

കാട്ടുപോത്തുകളും മനുഷ്യരാണത്രേ. . . 

------------------------------------------------------------------------

ആന, പുലി, പേടി.

രാത്രി. സമയം ഏതാണ്ടൊരു പതിനൊന്നു മണി ആയിക്കാണും. പത്തനംതിട്ടയിലെ അധികം വാഹനങ്ങളില്ലാത്ത ഒരു കാട്ടുപാതയിലൂടെ, ഒരു യുണിക്കോൺ ബൈക്കിൽ രണ്ടു പേർ യാത്ര ചെയ്യുന്നു. ചീവീടൊച്ചകളുടെ തുടർച്ചകളിലൂടെ നിശബ്ദത അവർക്കു ചുറ്റിലും ഉയിർത്തെഴുന്നേൽക്കുന്നു. പെട്ടെന്ന് എതിരെ, അകലെ, രണ്ടു ഹെഡ്‌ലൈറ്റുകൾ തെളിയുന്നു. അതടുത്തടുത്തു വരുന്നു, വേഗം കുറയുന്നു, ബൈക്കിനു തൊട്ടടുത്തു നിശ്ചലമാവുന്നു. ഒരു ലോറിയുടെ രൂപം അനാവരണം ചെയ്യപ്പെടുന്നു. ആ ലോറിയുടെ ഡ്രൈവർ അവരോടു നിർത്താൻ ആംഗ്യം കാണിക്കുന്നു. അത് കണ്ട് യുണിക്കോണിനു പിറകെ വന്ന ഒരു ബുള്ളെറ്റും സഡൻ ബ്രേക്കിടുന്നു. ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരത്ത്, ഒരു ഒറ്റയാൻ ഒറ്റയ്ക്ക് നിൽപ്പുണ്ടെന്നും ബൈക്ക് തിരിക്കുന്നതാണ് നല്ലതെന്നും മുന്നറിയിക്കുന്നു. ഓ. ഒറ്റൊന്നേ ഉള്ളൂ അല്ലെ ഭാഗ്യംന്നൊരു പ്രസ്താവനയ്ക്ക് നേരെ ഡ്രൈവർ അത്ഭുതത്തോടെ തുറിച്ചു നോക്കുന്നു. നാലു പേർ മുഖാമുഖം നോക്കുന്നു. നാലുപേരും ഡ്രൈവറുടെ മുഖത്തേക്ക് നോക്കുന്നു. ലോറി സ്റ്റാർട്ട് ആവുന്നു. നാല് പേർ പിന്നെയും മുഖാമുഖം നോക്കുന്നു.

ഹെവി വെഹിക്കിളുകൾ പിറകിൽ അവശേഷിപ്പിക്കാറുള്ള നിഗൂഢമായ പുകപടലങ്ങൾ തിരോധാനം ചെയ്യേ വ്യകതമായിക്കൊണ്ടിരുന്ന ശൂന്യതയിലേക്ക് നോക്കിനിൽക്കുമ്പോൾ അത്, യഥാർത്ഥത്തിൽ ശൂന്യതയല്ലെന്നും, ഒരു വെളുത്ത ഇന്നോവാ ആണെന്നും എന്തോ പറയാൻ നിർത്തിയതാണെന്നും അവർ പതുക്കെ തിരിച്ചറിയുന്നു. ഒറ്റയാന്റെ കാര്യം പറയാനാണോ എന്ന് അവരിലൊരാൾ അങ്ങോട്ടു ചോദിക്കുന്നു. അത് മാത്രമല്ല, തൊട്ടടുത്ത വളവിൽ, റോഡരികിൽ, ഒരു പുലി ചാടാനൊരുങ്ങി നിൽപ്പുണ്ടെന്ന്, തിരിയെപ്പൊയ്ക്കോ എന്ന് മറുപടി, മറ്റൊരു മുന്നറിയിപ്പ്. ഡ്രൈവറുടെ ശബ്ദത്തിന്റെ കാഠിന്യം, കാറിന്റെ പിറകിലെ സ്ത്രീയുടെ കണ്ണുകളിലെ ഭയപ്പാടുകൾ, ചിന്തകളുടെ പശ്ചാത്തലത്തിലെ ജീ ജീ ജീ ജീ സംഗീതങ്ങൾ. ഇന്നോവ മുന്നോട്ടു പായുന്നു. നാല് പേർ മുഖാമുഖം നോക്കുന്നു. അവരെന്തോ സംസാരിക്കുന്നു. നാല് പേരും മുന്നോട്ട് നോക്കുന്നു. ബൈക്കുകൾ പിന്നെയും സ്റ്റാർട്ട് ആവുന്നു. ബുള്ളറ്റിനു പിറകിലിരിക്കുന്ന ആൾ മുറുകിയ മുഖത്തോടെ ഒരു സിഗരറ്റിനു തീ കൊളുത്തുന്നു.

ദുരന്തത്തിന്റെ വിദൂരമായ സാധ്യതകളുടെ നേരത്ത് അപരിചിതർക്കിടയിൽ പോലും ഉടലെടുക്കുന്ന വിചിത്രമായ സാഹോദര്യത്തിന്റെ സിംഫണികളിൽ, നാലു ഹൃദയമിടിപ്പുകളുടെ അനുസ്വനങ്ങളിൽ, തിരിയെപ്പോവുകയെന്ന പേടിയുടെ ശബ്ദങ്ങൾ മാത്രം നിശബ്ദമാവുന്നു. ഒരു ചുള്ളിക്കമ്പിന്റെ ദുർബലമായ ഞെരുക്കത്തിൽ പോലും ഉടഞ്ഞു പോയേക്കാവുന്ന നിശ്ശബ്തയുടെ നേർത്ത നൂൽപ്പാലങ്ങളാൽ വിളക്കിച്ചേർത്ത സംയമനത്തിന്റെയും ധൈര്യത്തിന്റെയും തളർന്ന നിഴലുകളെ പിൻപറ്റി, ഒരു കൈപ്പാടകലത്തിൽ, ഒരേ വേഗത്തിൽ രണ്ടു ബൈക്കുകൾ മുന്നോട്ടിഴയുന്നു. . .

(ഉപസംഹാരം: ആനയെയും പുലിയെയും ഒന്നും കണ്ടില്ലെങ്കിലും കുറ്റിക്കാടു കുലുക്കി വന്നൊരു മ്ലാവിനെ കണ്ടവരൊരുനിമിഷം പതറിപ്പോയത്രേ . . .)

 

 

-------------------------------------------------------------------------------------------------------------


ഉറുമ്പ് 1

 

അതിസുന്ദരമായ ഒരു നട്ടുച്ചയ്ക്കാണ് അവർ അധിനിവേശത്തിന്റെ ആദ്യസൂചകങ്ങളെ അനാവരണം ചെയ്തത്. അതുവരെ നാലോ അഞ്ചോ പേർ മാത്രം ചുറ്റിത്തിരിഞ്ഞിടത്തേക്കു കുറേപേർ ഒരുമിച്ചു കടന്നു വരുന്നത്, ജനാലയിലെ ഞാവൽ ചെടിയിൽ ഒരു കൂടു നെയ്യുന്നത്. അധിനിവേശത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഒരിക്കൽ പോലും അവർ പ്രതിനിധാനം ചെയ്യാതിരുന്ന വിപത്തിന്റെ അടയാളങ്ങളെ അന്ന് തൊട്ടാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങുന്നത്. മനുഷ്യനും സഹജീവികളും സംഘർഷങ്ങളില്ലാതെ ഒരുമിച്ചു ജീവിക്കുന്ന സമത്വസുന്ദരമായ 'ഭൂമിയുടെ അവകാശികൾ'സങ്കല്പത്തിന്റെ തീവ്രഅനുഭാവിയായ (യിരുന്ന എന്നും പറയാവുന്നതാണ്) ഞാൻ അവരെ കൈകൾ നീട്ടി സ്വാഗതം ചെയ്തു.

പതിയെ, ജനൽപ്പടിയിൽ നിന്നും അവർ നിലത്തേക്കിറങ്ങി. ഞാവലിന്റെ ഇലകളൊന്നൊന്നായി അവരുടെ കൂടിന്റെ ഭാഗമായി. മുറിയുടെ അറിയപ്പെടാത്ത കോണുകളിൽ നിന്ന് വരെ പ്രാണികളുടെ ശവശരീരങ്ങൾ സോംബികളെ പോലെ ഇറങ്ങി നടന്നു. വെറുതെ ഒന്ന് വിശ്രമിക്കാൻ നിലത്തിറങ്ങിയ കടന്നലുകൾ പോലും അവർക്കു മുന്നിൽ പിടഞ്ഞുമരിച്ചു.

പക്ഷേ അപ്പോഴും, ഉടമയ്ക്കും കുടിയേറ്റക്കാരനുമിടയിലെ വേർതിരിവിന്റെ കൃത്യമായ ബിംബങ്ങളെ അവർ ഒരിക്കൽ പോലും ധിക്കരിച്ചില്ല. എന്നെ ഒരിക്കൽ പോലും ആക്രമിക്കാൻ അവർ ശ്രമിച്ചില്ല. എന്റെ കാലടിശബ്ദങ്ങളിൽ നിന്നും അവർ ഭീരുക്കളെ പോലെ ഒളിച്ചോടിക്കൊണ്ടിരുന്നു. ഞാൻ അവർക്കതീതനാണെന്നു അവരെന്നെ അങ്ങനെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു, ഇന്നലെ രാത്രി വരെ.

ഇപ്പോൾ, അവർ എന്റെ മുറി കയ്യടക്കിക്കഴിഞ്ഞു. ചുവരുകളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുന്നു. ചെറുത്തു നിൽപ്പുകളുടെ ഓരോ കണികയെയും കോർത്തിണക്കിയ കരുത്തിൽ ഞാനവരെ വെല്ലുവിളിച്ചു. ഒറ്റപ്പെട്ട തുരുത്തുകളെ പോലും ഒരുമിച്ചു കീഴടക്കിയ ചരിത്രത്തിന്റെ ഉടമകളാണവർ. കട്ടിലിന്റെ കാൽചുവട്ടിലിരുന്നു പതിഞ്ഞശബ്ദത്തിൽ നിഗൂഢമായി അവർ ഉപജപിക്കുന്നത് എനിക്കിപ്പോൾ വിഭാവനം ചെയ്യാം. ഭൂമിയിലെ ഓരോ അഭയാർത്ഥിയുടെ നിലവിളികളെയും എനിക്കിപ്പോൾ കേൾക്കാം. ഓരോ തടവുകാരന്റെ നിശ്ശബ്ദതയെയും എനിക്കിപ്പോൾ അനുഭവിക്കാം.

അവർ കട്ടിലിലേക്ക് കടന്നു കയറുകയാണ്. എന്റെ ചെറുത്തുനിൽപ്പുകൾ ദുർബലമാവുകയാണ്. . .

-------------------------------------------------------------------------------------------------

ഉറുമ്പ് 2

രക്തരൂക്ഷിതമായ ആ ദിവസത്തിനു ശേഷം ഏതാണ്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അസഹ്യമായ ആക്രമണങ്ങളുടെ ഉന്നതിയിൽ, കുടിയൊഴിപ്പിക്കപ്പെടുക എന്ന പൂർണസാധ്യതയുടെ കണ്മുന്നിൽ, എന്റെ ചെറുത്തു നിൽപ്പുകൾക്കു ഒരൊറ്റ ഭാഷയെ ഉണ്ടായിരുന്നുള്ളൂ, ഉന്മൂലനത്തിന്റെ ഭാഷ. ചുവരിൽ മങ്ങിനിറഞ്ഞ ചോക്കുവരകൾ, അവരുടെ ജീവനറ്റ ശരീരങ്ങൾ, കാലത്തിന്റെ അടയാളങ്ങൾ. അതിനു ശേഷം കുറച്ചു, ദിവസങ്ങളെങ്കിലും അവരുടെ പേടിസ്വപ്നങ്ങൾക്ക് എന്റെ മുഖമായിരുന്നിരിക്കണം. അവരുടെ കുട്ടിക്കഥകളിലെ ചെകുത്താൻമാർക്ക് എന്റെ രൂപമായിരുന്നിരിക്കണം.

അതിജീവനം ഭയത്തെ ധിക്കരിച്ച ഒരു ത്രിസന്ധ്യയിൽ അവർ സന്ധിസംഭാഷണത്തിനായി എന്നെ സമീപിച്ചു. അന്ന് ഞങ്ങൾ ഒരു ഉടമ്പടിയിലെത്തി. കൈയ്യൊപ്പുകളില്ലാത്ത, സംസാരങ്ങളില്ലാത്ത ആ നിശബ്ദതയിൽ പേടി മാത്രം ഉറക്കെ പ്രതിധ്വനിച്ചു. അതിരുകൾ പുനർനിർണയിച്ചു. ടെറിറ്ററികൾ പുതുക്കിനിശ്ചയിച്ചു. വിലക്കുകൾ കർശനമാക്കി.

ഇപ്പോഴവർ ഓർമകളുള്ള ജനതയാണ്. ജനൽപ്പാളികൾ അവർ മുറിച്ചു കടക്കാറില്ല. റൂമിലേക്ക് അതിക്രമിച്ചു കയറാറില്ല. അപാരമായ ഏതോ ധ്യാനത്തിലെന്ന പോലെ, ഭാവശൂന്യരായി അവർ അവരുടെ ദിനചര്യകളിൽ മുഴുകുന്നു. അവർ ചെടിച്ചട്ടികൾക്കും ചെടികൾക്കും ഇടയിൽ ഒതുങ്ങിക്കൂടുന്നു. എങ്കിലും അവരിലുണ്ടാവും, പകയുടെ ഒരൊളി, കൊടുങ്കാറ്റിന്റെ ഒരു തരി, പറഞ്ഞുതീർക്കാനാവാത്തൊരു കലി.

രാവിലെയാവാറായിട്ടും ഉറങ്ങാത്ത ചില രാത്രികളിൽ എനിക്കിപ്പോഴും കേൾക്കാം, അവരുടെ ഉടഞ്ഞ കാൽവയ്പുകളെ, തകർന്ന ഹൃദയത്തെ, മുറിഞ്ഞ ശൂന്യതകളെ. എനിക്കിപ്പോഴും കേൾക്കാം, ഈറനണിഞ്ഞ ഇലച്ചാർത്തുകളുടെ അർദ്ധസുതാര്യമായ ഇരുട്ടിനാൽ, നിലയ്ക്കാത്ത ഫാനൊച്ചകളാൽ ആവരണം ചെയ്യപ്പെട്ട അനേകം നിലവിളികളെ. എനിക്കിപ്പോഴും അനുഭവിക്കാം, അടിച്ചമർത്തപ്പെടലിന്റെ ചരിത്രങ്ങളിലെ ഉലകളിലൂതിച്ചുവപ്പിച്ച, അഗ്രങ്ങളിൽ വാൾമുനയുടെ മൂർച്ചയുള്ള, നിസ്സംഗതകളിൽ രോഷമൊളിപ്പിച്ച ഒരായിരം ഉറുമ്പുനോട്ടങ്ങളെ.

 

-------------------------------------------------------------------------------------------------

 

 

Wednesday, 25 September 2019

കാൽപ്പന്തുകളിയുടെ സുവിശേഷം

കാൽപ്പാദങ്ങൾ മൈതാനത്തിലെ പൂഴിമണലിൽ അമരുമ്പോൾ, കാൽപ്പന്തുകളി നിന്റെ ചിന്തകളിലേക്ക് മാത്രമല്ല സിരകളിലെക്കും പടർന്നു കഴിഞ്ഞു എന്ന് നീയറിയുക. കാലങ്ങളോളം ഒട്ടും മെരുങ്ങിയിട്ടില്ലാത്ത കാട്ടുമൃഗത്തിന്റെ തുകലുകളിലൊന്നിനെയാണ്‌ നീ നിന്റെ കാൽപ്പാദങ്ങളാൽ മെരുക്കിയെടുക്കാൻ ഒരുങ്ങുന്നത്. പ്രണയിക്കാനൊരുങ്ങുന്നതു പ്രണയമെന്തെന്നറിയാത്ത ആരെയോ ആണെന്ന് ചിലപ്പോഴെങ്കിലും മനസിലാക്കുക. കളിക്കളത്തിൽ നീ, നീ മാത്രമല്ലെന്നറിയുക.നീ, നീയല്ലാതാവുക.
മിനുട്ടുകൾക്കു ശേഷം, അപ്പോൾ ആദ്യമായായിരിക്കും പന്ത് നിന്റെയടുത്തെത്തുക. മുഖമുയർത്തുക. ചങ്ങാതിയുടെ വിളിക്കായി കാതോർക്കുക. പന്തിനു നിന്നെക്കാൾ വേഗത്തിൽ സഞ്ചരിക്കാനാവുമെന്നറിയുക.
ഇനിയും കണ്ടെത്താത്ത എന്തിനെയോ പറ്റിയുള്ള ചിന്തകളിൽ ചിതറിയ ചിലതിനെയൊക്കെയാണ് നിങ്ങൾ ഇപ്പോൾ വീണ്ടെടുക്കാനൊരുങ്ങുന്നത്. ഇനിയും എത്തിപ്പെടാത്ത വന്യമായ ഭൂപ്രദേശങ്ങളിലേതിനേയോ കുറിച്ചുള്ള ഫാന്റസികളിലേക്കാണ് നിങ്ങൾ ഇന്നേരം പുനർജനിക്കുന്നത്. പരകായപ്രവേശത്തിന്റെ സാദ്ധ്യതകളാൽ ഇനിയും അനന്തമായി പരിണമിക്കാനൊരുങ്ങുന്നയിടമാണ് ഇവിടം, നിങ്ങളുടെ മൈതാനം, എന്നറിയുക. അതിലെ മണൽത്തരിയോളം ചെറുതാവുക. കൈമോശം വന്ന കിനാവുകളുടെ തുരുത്തുകളിലേക്ക് കടന്നു കയറുക. കാറ്റ് കരുത്താണെന്നറിയുക. വെയിൽച്ചൂടിൽ വിയർക്കുക.
കളിയിൽ എപ്പോഴെങ്കിലും ഗോൾപോസ്റ്റിലേക്ക് രണ്ടു മനുഷ്യരുടെ ദൂരം മാത്രമേ ഉള്ളൂ എങ്കിൽ നീ സ്വാർത്ഥനാവുക. കാലുകളിലേക്ക് ചെമ്പുലിയുടെ മന്ത്രവേഗത്തെ പകരുക. ചലനങ്ങളിൽ കാപട്യമൊളിപ്പിച്ച, മനസിലേക്ക് ലഹരിപകരുന്ന, ചുവടുകൾ പിഴക്കാത്ത ആ നൃത്തം ഒരിക്കൽ കൂടി ചെയ്യുക. കബളിപ്പിക്കപ്പെട്ടു എന്ന് അവൻ മനസിലാക്കുമ്പോഴേക്കും നീ അവന് എത്തിപ്പെടാനാവാത്ത അകലത്തിലേക്ക് എത്തിയിരിക്കണം. ഇനി ഗോൾ വലയത്തിലേക്ക് ഒരൊറ്റ മനുഷ്യന്റെ ചങ്കുറപ്പിന്റെ ദൂരം മാത്രം. പുറംകാലു കൊണ്ട് പന്തിനെ ചെറുതായൊന്നു തട്ടിയകറ്റുക. ഒരൊറ്റ നോട്ടം, ഗോൾമുഖത്തിന്റെ ശൂന്യതയിലേക്ക് മാത്രം. ഒരേയൊരു സ്പർശം, അവൻ നിന്റെ ചലനങ്ങളെ ഒറ്റിയെടുക്കും മുമ്പേ. അവസാന ചുംബനത്തിന്റെ ഹൃദയമിടിപ്പുകളോടെ, ഉണർവുകൾ മാത്രം നൽകിയ തുകൽസ്പർശത്തിന്റെ ഒടുവിലത്തെ സുഖമൂർച്ഛയോടെ, ഗോൾവലയുടെ ഭദ്രതയിൽ എത്തും വരേയ്ക്കും പന്തിനെ നോട്ടങ്ങളാൽ പിന്തുടരുക. അത് വരേയ്ക്കും മാത്രം.
പന്ത് വലയുടെ സ്വാസ്ഥ്യത്തിൽ ഉറങ്ങിക്കഴിഞ്ഞു എന്ന് മനസിലാക്കുന്ന നിമിഷം മുതൽ നിനക്ക് ആഹ്ലാദിച്ചു തുടങ്ങാം. ആരവങ്ങളും ആർപ്പുവിളികളുമില്ലെങ്കിലും, കൈകൾ വായുവിലേക്കുയർത്തുക, കാറ്റിനു തുല്യനാവുക. കാലമത്രയും കാത്തിരുന്നത് ഈയൊരു കാലത്തിനു വേണ്ടിയെന്നറിയുക.
ആഘോഷങ്ങളെല്ലാം അവസാനിച്ച്, പന്ത് മൈതാനത്തിന്റെ മദ്ധ്യത്തിലെത്തുമ്പോൾ, അപ്പോൾ മുതൽ, നീ വീണ്ടും കുത്തൊഴുക്ക് നിലച്ചിട്ടില്ലാത്ത കാട്ടുചോലയാവുക. . .



Saturday, 1 December 2018

Lost In the Forest (--Pablo Neruda) (ഒരു ഏകദേശ പരിഭാഷ. . . )

അപരിചിതമായ കാട്ടുവഴിയൊന്നിൽ,
ഞാനൊടിച്ച ചില്ലയുടെ സ്വകാര്യങ്ങളെ
ഞാനെന്റെ വരണ്ട ചുണ്ടുകളിലേക്കടുപ്പിച്ചു.


എനിക്കിപ്പോൾ കേൾക്കാം,
മഴത്തുള്ളിയുടെ കരച്ചിലുകളെ,
ഉടഞ്ഞ മണിനാദത്തെ,
തകർന്ന ഹൃദയത്തെ.


എനിക്കിപ്പോൾ കേൾക്കാം,
മേൽമണ്ണിനാൽ അടക്കംചെയ്ത ആ രഹസ്യങ്ങളെ,
വിദൂരമായി,
അഗാധമായി,
നിഗൂഢമായി.


എനിക്കിപ്പോൾ കേൾക്കാം,
ഈറനണിഞ്ഞ ഇലച്ചാർത്തുകളുടെ
അര്‍ദ്ധസുതാര്യമായ ഇരുട്ടിനാൽ,
നീണ്ട ശരത്കാലത്തിനാൽ,
ആവരണം ചെയ്യപ്പെട്ട
ആക്രോശങ്ങളെ.


കാടകത്തിന്റെ കിനാവുകളിൽ നിന്ന്
ഉണർന്നെണീറ്റ്,
ആ ചില്ല എന്റെ നാവിൻ തുമ്പിൽ
പാടിത്തുടങ്ങി.
അതിന്റെ സൗരഭ്യം
എന്റെ ആത്മാവിലേക്ക്
ആഴ്ന്നിറങ്ങി.


എന്നോ പിറകിലുപേക്ഷിച്ച
വേരുകൾ പൊടുന്നനെയെന്നോട്
വിളിച്ചു പറഞ്ഞു,
'പണ്ടിവിടം നിന്റേതായിരുന്നു'.
ആ വനസ്ഥലികളിൽ പടർന്ന
സുഗന്ധത്താൽ മുറിവേറ്റ്,
അന്നേരം,
ഞാൻ നിശ്‌ചലനായി.

Tuesday, 3 January 2017

കാട്ടുതീ


(മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.) 
 
 
വലിച്ചു തീർത്ത സിഗരറ്റിന്റെ കുറ്റി അശ്രദ്ധമായി തറയിലേക്കെറിഞ്ഞാണ് അന്നയാൾ കുന്നിറങ്ങിയത്എത്തിപ്പിടിക്കാൻ ഒന്നുമില്ലാതെ പാതിയെരിഞ്ഞടങ്ങുക എന്ന വിധിയിൽഅവശേഷിച്ച തീപ്പൊരികളും അവസാനിച്ചേനെഅപ്പോഴാണ് പടിഞ്ഞാറ് നിന്ന് ഒരു വരണ്ട കാറ്റ് വീശിയത്വിസ്മരിക്കപ്പെടലിന്റെ ഓരത്തു നിന്ന് ഒരു തീപ്പൊരി തൊട്ടടുത്ത കരിയിലക്കൂട്ടത്തിലേക്ക് പാറിവീണതുംഒട്ടിച്ചേരലിലെ സുരക്ഷിതത്വത്തിൽ നിന്നും അടർന്നുവീഴലിലെ നിസ്സഹായതയിലേക്ക് പൊടുന്നനെ കൂറുമാറിയ വികാരങ്ങളുടെ ഉൾച്ചൂടിൽ മുഴുവനായും ഉണങ്ങിക്കഴിഞ്ഞ ഒരില തീപ്പൊരിയെ തന്റെ ആത്മാവിലേക്ക് ഏറ്റെടുത്തുകത്തിത്തുടങ്ങിയ  കരിയിലയോട് ചേർന്ന് കിടന്ന് തങ്ങൾക്കിടയിലെ ഒരേശിഖരബന്ധത്തിന്റെ പഴയ ഓർമകളെ താലോലിച്ചു കൊണ്ടിരുന്ന മറ്റൊന്ന്തീനാളങ്ങളെ തന്നിലേക്ക് പകർന്നുനിമിഷങ്ങൾക്കകംപച്ചപ്പിന്റെ സ്വപ്നങ്ങളിൽ ഉറങ്ങിക്കിടന്ന ഒരു കൂട്ടം കരിയിലകളെ അഗ്നിയെരിച്ചു.


അധികമൊന്നും ഉയരമില്ലാത്ത ഒരു കുന്നായിരുന്നു അത്പാതിയിലെപ്പോഴോ തോർന്ന ഇടവപ്പാതിയുടെ ദിനങ്ങൾ തൊട്ട് മഴ പെയ്യാൻ മറന്ന ഒരിടംമണ്ണ് മറയ്ക്കുവോളം ഇടതൂർന്ന് പുല്ലു വളർന്നു നിന്നിടംവേനലിന്റെ തീവ്രതയിൽ സ്വർണനിറമാർജ്ജിച്ച പുൽക്കൊടികൾ തങ്ങൾക്കു വേണ്ടിത്തന്നെയുള്ള ചിതയൊരുക്കങ്ങളിലായിരുന്നുവേരുകളിൽ മാത്രം ജീവനവശേഷിച്ച പുൽക്കൊടികളിലേക്ക് തീ പടർന്നുഅതിജീവനത്തെയും പൂർണനാശത്തെയും വേർതിരിക്കുന്ന അതിർവരമ്പുകൾ പലയിടങ്ങളിലും ഭേദിക്കപ്പെട്ടതിനാലാവണംപ്രതിരോധത്തിന്റെ സൂചന പോലും നൽകാതെ അവ കത്തിത്തുടങ്ങിനിലനിൽപ്പാണെങ്കിൽമരണമാണെങ്കിൽ പോലുംഅതൊരു കൂട്ടായ പ്രക്രിയയാണെന്ന തിരിച്ചറിവിൽപുൽക്കൊടികളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തീനാമ്പുകൾ കൈമാറ്റം ചെയ്യപ്പെട്ടു.
കുന്നിറങ്ങിയാൽ മരങ്ങൾ തിങ്ങിയ കാടാണ്ഏതു വേനലിലും ഉണങ്ങാത്തപാതാളത്തോളം വേരുകളുള്ള വന്മരങ്ങളുടെ കാട്അവയുടെ വേരുകൾ സ്പർശിക്കാത്തയിടങ്ങലെല്ലാം ചെറുസസ്യങ്ങൾ കീഴടക്കിയിരുന്നുനിലംഉതിർന്നു വീണ ഇലകൾ കൊണ്ട് നിറഞ്ഞിരുന്നു.  ഇത് വരെ ചെറുത്തുനില്പുകളില്ലാതെ മുന്നേറിയ കത്തിപ്പടരലുകൾക്ക് മുന്നിൽ കാട് തലയുയർത്തി തന്നെ നിന്നുപക്ഷേഅപ്പോഴേക്കുംതീപ്പൊരിയുടെ ഹ്രസ്വായുസ്സിനുംകരിയിലകൾ കരിയും വരേയ്ക്കും മാത്രം ഉറഞ്ഞു തുള്ളുന്ന അഗ്നികുണ്ഡത്തിന്റെ സമരസപ്പെട്ട സ്വപ്നങ്ങൾക്കുമപ്പുറത്തേക്ക്ഒരു കാടിനെ ദഹിപ്പിക്കാൻ മാത്രം കെല്പുള്ള എന്തോ ആയി അത് പരിണമിച്ചിരുന്നുആദ്യംകൊഴിഞ്ഞ ഇലകൾ കീഴടക്കപ്പെട്ടുഅവിടെ നിന്ന് കുറ്റിച്ചെടികളിലേക്ക്.  കുറ്റിച്ചെടികളിൽ നിന്നും ശിഖരങ്ങളിലേക്ക്ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക്കുന്നിൻ മുകളിൽ നിന്ന് പോലും വിദൂരമായി തോന്നിയേക്കാവുന്ന അകലങ്ങളിലേക്ക് വൈകാതെ കാട്ടുതീ വ്യാപിച്ചുകാറ്റ് വീശിക്കൊണ്ടിരുന്നുസൂര്യനസ്തമിച്ചു.

*  *  *  *  *  *  *  *


ദിവസങ്ങൾക്കു മുൻപുണ്ടായ കാട്ടുതീയെക്കുറിച്ചുള്ള അറിവുകളേതും ഇല്ലാതെയാണ് ഞാനന്ന് അവളെയും കൂട്ടി  കുന്നിൻ ചരിവിലേക്ക് പോയത്അർദ്ധചന്ദ്രന്റെ അരണ്ട വെളിച്ചത്തിലും കാട്ടുതീയെടുത്ത കാടിന്റെ ശേഷിപ്പുകൾ വ്യക്തമായി കാണാമായിരുന്നുശവപ്പറമ്പിനെ ഓർമിപ്പിച്ചു കൊണ്ട് നിർജ്ജീവമായി നിലകൊണ്ട  ശൂന്യതയ്ക്കു സാക്ഷി നിൽക്കേ ഞങ്ങൾ ആത്മാക്കളാൽ ബന്ധിക്കപ്പെട്ടിട്ടില്ലാത്ത ഒറ്റശരീരങ്ങളായിവർഷങ്ങളോളം ഉള്ളിലേറ്റിയ കൗമാരസ്വപ്നങ്ങളെല്ലാം നിശ്ചലമായി.  ചീവിടുകളുടെ പോലും കരച്ചിലുകൾ കേൾക്കാനില്ലായിരുന്നുഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അസ്തിത്വങ്ങളിലെ അന്തരം ഓർമിപ്പിച്ചു കൊണ്ട് പരന്നു കിടന്ന വിജനമായ ദുരന്തഭൂമിയുടെ വക്കു ചേർന്ന് ഞങ്ങൾ നിന്നുഒരു മഴക്കാലത്തിന് എല്ലാം മാറ്റാൻ കഴിയും എന്നവൾ പറയുന്നുണ്ടായിരുന്നുഉള്ളറകളെല്ലാം തുറന്നുകാട്ടിക്കൊണ്ട്കാടകത്തിന്റെ നിഗൂഢതകളൊന്നുമില്ലാതെഉദരത്തിൽ ജീവാംശങ്ങളേറ്റാതെഭീതിതമായ രൂപാന്തരപ്പെടലിന്റെ അന്തിമോല്പന്നമായികാടെന്ന് വിളിക്കാനാവാത്ത വിധം മുറിവേറ്റ  ഭൂപ്രദേശത്തിനെ കുളിർപ്പിക്കാൻ ഇനിയുമെത്ര മഴപ്പെയ്ത്തുകൾ വേണ്ടി വരുംകുന്നിന്റെ ഉന്നതിയിൽകുറിയ കിനാവുകളുടെ വിമൂകമായ വിളനിലത്തിൽ ഞങ്ങൾ നിശബ്ദരായിരുന്നുഅന്ന് ഞങ്ങൾ സംസാരിച്ചത്പക്ഷികളെയും മഴത്തുള്ളികളെയും കുറിച്ച് മാത്രമായിരുന്നുരാപ്പാടിയേയും വേനൽമഴയേയും കുറിച്ചവളുംകഴുകന്മാരെയും പേമാരികളെയും പറ്റി ഞാനും.    

*  *  *  *  *  *  *  *
മഴ പെയ്തു തുടങ്ങികുന്നിൻമുകളിൽ പിന്നെയും പുൽനാമ്പുകൾ മുളച്ചുകാട്ടുതീയ്ക്കു ശേഷം  പ്രദേശത്തിന് ഭ്രഷ്ടുകല്പിച്ച വന്യജീവികൾ പതിയെ പതിയെ തിരിച്ചു വന്നു തുടങ്ങിആദ്യം വന്നത് മാനുകളായിരുന്നു.പച്ചപ്പുല്ലുകൾക്ക് പിന്നെയും വലിപ്പം വച്ചപ്പോൾ മാനുകൾക്കൊപ്പം കാട്ടുപോത്തിൻ കൂട്ടങ്ങളെത്തിവഴിയെ കടന്നു പോയ ഓരോ വാഹനത്തിന്റെ ശബ്ദങ്ങളിലെക്കുംതീറ്റയ്ക്ക് താത്കാലിക വിശ്രമം നല്കിഅവ മുഖമുയർത്തിശബ്ദങ്ങൾ കേൾക്കനാവത്തത്രയും അകലങ്ങളിലെത്തി എന്നുറപ്പായപ്പോൾ മാത്രം നോട്ടങ്ങൾ മണ്ണിലേക്ക് തന്നെ മടങ്ങിപ്പോയിമഴ പിന്നെയും പെയ്തുകത്തിയെരിഞ്ഞ മരങ്ങൾക്ക് ജീവൻ വച്ചു.  കാട് പിന്നെയും ഉണർന്നുഭൂതകാലത്തിന്റെ ചാരങ്ങൾ അവശേഷിപ്പിച്ച വളക്കൂറുള്ള മണ്ണിലേക്ക് വേരുകൾ ആർത്തിയോടെ ആഴ്ന്നിറങ്ങി.  തീപിടുത്തത്തിനു ശേഷം കാടിന്റെ ഉള്ളറകളിൽ ഒതുങ്ങിക്കൂടിയ കാട്ടാനകൾ പിന്നെയും പുറത്തിറങ്ങിവിത്തുകൾക്ക് രൂപമാറ്റം വന്നുഅവയ്ക്ക് വേരുകൾ മുളച്ചുഇലകൾ കിളിർത്തുകുറ്റിച്ചെടികൾ വീണ്ടും തലയുയർത്തികാടകങ്ങളിൽ ഉറവകൾ പൊട്ടിമരച്ചില്ലകളിൽ പക്ഷികൾ കൂടൊരുക്കിചീവീടുകൾ ശബ്ദിച്ചു തുടങ്ങിദിവസങ്ങൾക്കുള്ളിൽ കാട്ടുതീയുടെ ഓർമയെ പോലും തുടച്ചുനീക്കും വിധം കാട് വളർന്നു പൊങ്ങി.



*  *  *  *  *  *  *  *

അന്നത്തെ മഴയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് ഞാൻ  കുന്നിൻപുറത്തേക്ക് വീണ്ടും പോയത്രാത്രിയായിരുന്നുനിലാവുണ്ടായിരുന്നു.ബൈക്ക് റോഡിന് ഓരം ചേർത്തുനിർത്തി കുന്നിലേക്ക് നടന്നുകുന്നിറങ്ങിയാൽ ഇടതിങ്ങിയ കാടാണ്കുന്നിന്റെ ഉയരത്തിൽ നിന്ന് കാടിനെ നോക്കിഒരു നിമിഷംഒരേയൊരു നിമിഷം മനുഷ്യസഹജമായ എല്ലാ പേടികളേയും ഉപേക്ഷിച്ച് കാടിറങ്ങാനുള്ള തോന്നലുണ്ടായിഓരോ അതിജീവനത്തിന്റെ ചരിത്രവുംവേട്ടനഖങ്ങളുടെ വേഗതയിലോതേറ്റപ്പല്ലിന്റെ മൂർച്ചയിലോഒറ്റക്കൊമ്പന്റെ കാലടികളിലോ വച്ച്ഏതു നിമിഷവും തിരുത്തിയെഴുതപ്പെട്ടേക്കാവുന്ന ആകസ്മികതകളുടെ കാട്പേടിയുടെപോരാട്ടാത്തിന്റെപലായനത്തിന്റെ നിമിഷങ്ങളിൽഅഡ്രിനാലിൻ കീഴടക്കിയ രക്തവ്യൂഹത്തിന്റെ ചടുലതയിൽഉണർന്നിരിപ്പുണ്ടിപ്പോഴും എന്ന തെളിച്ചമുള്ള യാഥാർത്ഥ്യത്തിൽ മാത്രം വിശ്വസിക്കാൻഒരു നാഗരിക മനുഷ്യനായി ജീവിക്കുക എന്ന മഹത്തായ മടുപ്പിൽ നിന്ന് മോചനം നേടാൻ. . .ഇല്ലചില തോന്നലുകൾ തിരസ്കരിക്കപ്പെടാനുള്ളതാണ്ബൈക്ക് തിരിച്ചുവെളിച്ചം വഴികാട്ടിയായി.



ഡയറിയിൽ അന്നേ ദിവസത്തെ അനുഭവക്കുറിപ്പുകളുടെ മഷി പരന്നുവികാരങ്ങൾ വാക്കുകളായിശ്വാസകോശത്തിന്റെ ഭിത്തികൾ നിക്കോട്ടിൻ കലർന്ന വാതകത്തിന്റെ ലഹരിയിൽ അഭയം തേടികണ്ണുകൾ ഇടയ്ക്കിടെ ലാപ്ടോപ്പിന്റെ ത്രസിപ്പിക്കുന്ന വെളിച്ചത്തിലേക്ക് തെന്നി നീങ്ങിപുറത്തു മഴ പെയ്തു തുടങ്ങിചുവരിനോട് ചേർന്ന് കിടന്ന് ഇടവപ്പാതിയുടെ തണുപ്പും തലോടലും അനുഭവിച്ച പഴയ രാത്രികളിലേക്ക് ചിന്തകൾ മടങ്ങിപ്പോയിഓർമകളെ സ്വതന്ത്രരാക്കേണ്ടതുണ്ട്മേശപ്പുറത്തു അവസാനത്തെ കുറച്ചു പേജുകൾ മാത്രം വായിക്കാൻ ശേഷിച്ച നിലയിൽ 'മോബിഡിക്ക്കിടക്കുന്നുണ്ടായിരുന്നുപുസ്തകം കയ്യിലെടുത്തുഞാൻ കപ്പൽ തകർന്ന നാവികനായിഒഴുകിക്കൊണ്ടിരുന്ന മരത്തടിയിൽ അള്ളിപ്പിടിച്ചു കൊണ്ട് ഇശ്മേയൽനിശബ്ദമായ സമുദ്രത്തിനുമപ്പുറത്തെ അഗോചരമായ ചക്രവാളത്തെ നോക്കിഇരുട്ട് സമുദ്രത്തിനെക്കാൾ കനത്തിൽ പരന്നു കിടന്നിരുന്നുഅകലയെവിടെയോഉടലിലുടനീളം ചാട്ടുളിയുടെ പാടുകളുമായിമോബിഡിക്ക് എന്ന ഭീമാകാരനായ വെള്ളത്തിമിംഗലംകപ്പൽഛേദങ്ങൾക്കിടയിലൂടെ നീന്തിക്കൊണ്ടിരുന്നു. . .