Wednesday, 25 September 2019

കാൽപ്പന്തുകളിയുടെ സുവിശേഷം

കാൽപ്പാദങ്ങൾ മൈതാനത്തിലെ പൂഴിമണലിൽ അമരുമ്പോൾ, കാൽപ്പന്തുകളി നിന്റെ ചിന്തകളിലേക്ക് മാത്രമല്ല സിരകളിലെക്കും പടർന്നു കഴിഞ്ഞു എന്ന് നീയറിയുക. കാലങ്ങളോളം ഒട്ടും മെരുങ്ങിയിട്ടില്ലാത്ത കാട്ടുമൃഗത്തിന്റെ തുകലുകളിലൊന്നിനെയാണ്‌ നീ നിന്റെ കാൽപ്പാദങ്ങളാൽ മെരുക്കിയെടുക്കാൻ ഒരുങ്ങുന്നത്. പ്രണയിക്കാനൊരുങ്ങുന്നതു പ്രണയമെന്തെന്നറിയാത്ത ആരെയോ ആണെന്ന് ചിലപ്പോഴെങ്കിലും മനസിലാക്കുക. കളിക്കളത്തിൽ നീ, നീ മാത്രമല്ലെന്നറിയുക.നീ, നീയല്ലാതാവുക.
മിനുട്ടുകൾക്കു ശേഷം, അപ്പോൾ ആദ്യമായായിരിക്കും പന്ത് നിന്റെയടുത്തെത്തുക. മുഖമുയർത്തുക. ചങ്ങാതിയുടെ വിളിക്കായി കാതോർക്കുക. പന്തിനു നിന്നെക്കാൾ വേഗത്തിൽ സഞ്ചരിക്കാനാവുമെന്നറിയുക.
ഇനിയും കണ്ടെത്താത്ത എന്തിനെയോ പറ്റിയുള്ള ചിന്തകളിൽ ചിതറിയ ചിലതിനെയൊക്കെയാണ് നിങ്ങൾ ഇപ്പോൾ വീണ്ടെടുക്കാനൊരുങ്ങുന്നത്. ഇനിയും എത്തിപ്പെടാത്ത വന്യമായ ഭൂപ്രദേശങ്ങളിലേതിനേയോ കുറിച്ചുള്ള ഫാന്റസികളിലേക്കാണ് നിങ്ങൾ ഇന്നേരം പുനർജനിക്കുന്നത്. പരകായപ്രവേശത്തിന്റെ സാദ്ധ്യതകളാൽ ഇനിയും അനന്തമായി പരിണമിക്കാനൊരുങ്ങുന്നയിടമാണ് ഇവിടം, നിങ്ങളുടെ മൈതാനം, എന്നറിയുക. അതിലെ മണൽത്തരിയോളം ചെറുതാവുക. കൈമോശം വന്ന കിനാവുകളുടെ തുരുത്തുകളിലേക്ക് കടന്നു കയറുക. കാറ്റ് കരുത്താണെന്നറിയുക. വെയിൽച്ചൂടിൽ വിയർക്കുക.
കളിയിൽ എപ്പോഴെങ്കിലും ഗോൾപോസ്റ്റിലേക്ക് രണ്ടു മനുഷ്യരുടെ ദൂരം മാത്രമേ ഉള്ളൂ എങ്കിൽ നീ സ്വാർത്ഥനാവുക. കാലുകളിലേക്ക് ചെമ്പുലിയുടെ മന്ത്രവേഗത്തെ പകരുക. ചലനങ്ങളിൽ കാപട്യമൊളിപ്പിച്ച, മനസിലേക്ക് ലഹരിപകരുന്ന, ചുവടുകൾ പിഴക്കാത്ത ആ നൃത്തം ഒരിക്കൽ കൂടി ചെയ്യുക. കബളിപ്പിക്കപ്പെട്ടു എന്ന് അവൻ മനസിലാക്കുമ്പോഴേക്കും നീ അവന് എത്തിപ്പെടാനാവാത്ത അകലത്തിലേക്ക് എത്തിയിരിക്കണം. ഇനി ഗോൾ വലയത്തിലേക്ക് ഒരൊറ്റ മനുഷ്യന്റെ ചങ്കുറപ്പിന്റെ ദൂരം മാത്രം. പുറംകാലു കൊണ്ട് പന്തിനെ ചെറുതായൊന്നു തട്ടിയകറ്റുക. ഒരൊറ്റ നോട്ടം, ഗോൾമുഖത്തിന്റെ ശൂന്യതയിലേക്ക് മാത്രം. ഒരേയൊരു സ്പർശം, അവൻ നിന്റെ ചലനങ്ങളെ ഒറ്റിയെടുക്കും മുമ്പേ. അവസാന ചുംബനത്തിന്റെ ഹൃദയമിടിപ്പുകളോടെ, ഉണർവുകൾ മാത്രം നൽകിയ തുകൽസ്പർശത്തിന്റെ ഒടുവിലത്തെ സുഖമൂർച്ഛയോടെ, ഗോൾവലയുടെ ഭദ്രതയിൽ എത്തും വരേയ്ക്കും പന്തിനെ നോട്ടങ്ങളാൽ പിന്തുടരുക. അത് വരേയ്ക്കും മാത്രം.
പന്ത് വലയുടെ സ്വാസ്ഥ്യത്തിൽ ഉറങ്ങിക്കഴിഞ്ഞു എന്ന് മനസിലാക്കുന്ന നിമിഷം മുതൽ നിനക്ക് ആഹ്ലാദിച്ചു തുടങ്ങാം. ആരവങ്ങളും ആർപ്പുവിളികളുമില്ലെങ്കിലും, കൈകൾ വായുവിലേക്കുയർത്തുക, കാറ്റിനു തുല്യനാവുക. കാലമത്രയും കാത്തിരുന്നത് ഈയൊരു കാലത്തിനു വേണ്ടിയെന്നറിയുക.
ആഘോഷങ്ങളെല്ലാം അവസാനിച്ച്, പന്ത് മൈതാനത്തിന്റെ മദ്ധ്യത്തിലെത്തുമ്പോൾ, അപ്പോൾ മുതൽ, നീ വീണ്ടും കുത്തൊഴുക്ക് നിലച്ചിട്ടില്ലാത്ത കാട്ടുചോലയാവുക. . .



No comments:

Post a Comment